ആർട് പേപ്പറിൽ തിളങ്ങി ജയേഷും കുടുംബവും; 5000 ചിരട്ടകൾ ഉപയോഗിച്ചുള്ള ചിത്രം കാണാൻ സുരേഷ് ഗോപി നേരിട്ടെത്തി
Mail This Article
വാടാനപ്പള്ളി ∙ എൽകെജിക്കാരിയായ മകൾ കടലാസ് അടുക്കി വച്ച് ഓരോ രൂപങ്ങൾ ഉണ്ടാക്കുന്നതു കണ്ടപ്പോൾ കാഞ്ഞങ്ങാട്ട് കെ.വി.ജയേഷിനു തോന്നിയ ആശയമാണ് ആർട് പേപ്പറിൽ എന്തുകൊണ്ട് ആളുകളുടെ രൂപങ്ങൾ തീർത്തുകൂടാ എന്ന്. ആരെ വരയ്ക്കും എന്ന ചിന്തയ്ക്കിടെ ചാനലിൽ സുരേഷ് ഗോപിയും അപ്പുറമിപ്പുറമായി മോഹൻലാലും മമ്മൂട്ടിയും ഇരിക്കുന്നതു കണ്ടപ്പോൾ തീരുമാനമായി; മൂന്നു പേരുടെയും മക്കളെ വരച്ചു നോക്കാം എന്ന്.
അങ്ങനെ ഒന്നര മാസമെടുത്ത് ജയേഷും ഭാര്യ റിനിഷയും മകൾ ദേവർഷയും കൂടി ആ ‘കടലാസ് ജോലി’കൾ ഇതാ പൂർത്തിയാക്കിയിരിക്കുന്നു. ഇന്റീരിയർ ജോലി നോക്കുന്ന ജയേഷ് നേരത്തേ, വെള്ളക്കുപ്പികളുടെ അടപ്പുകൾ ഉപയോഗിച്ച് ഗാന്ധിജിയുടെ രൂപം തീർത്തിരുന്നു. 2000 അടപ്പുകളാണ് അന്ന് ഉപയോഗിച്ചത്. ഈ ഗാന്ധിരൂപം കണ്ട് ഇഷ്ടപ്പെട്ട ടി.എൻ.പ്രതാപൻ എംപി ഇതു വാങ്ങി. 5000 ചിരട്ടകൾ ഉപയോഗിച്ച് പൂർത്തിയാക്കിയ തന്റെ ചിത്രം കാണാൻ സുരേഷ് ഗോപി നേരിട്ടു വന്നത് വലിയ അംഗീകാരമായി ജയേഷ് കരുതുന്നു.