ഇ വായനയുടെയും ലോകം തുറന്ന് വള്ളത്തോൾ സ്മാരക വായനശാല
Mail This Article
കോടശേരി ∙ ഇ വായനയുടെ ലോകം തുറന്നിരിക്കുകയാണ് നായരങ്ങാടിയിലെ വള്ളത്തോൾ സ്മാരക വായനശാല. 2021ൽ ഇതിനായി ഡിജിറ്റൽ ലൈബ്രറി ഹാൾ സജ്ജമാക്കി. 57 വർഷമായി പ്രവർത്തിക്കുന്ന വായനശാല 11 വർഷമായി വായനയുടെ വിപുലീകരണം ലക്ഷ്യമിട്ട് വീടുകളിൽ പുസ്തകമെത്തിക്കുന്ന സഞ്ചരിക്കുന്ന വായനശാലയും ഒരുക്കിയിട്ടുണ്ട്. 147 വീടുകളിലാണ് സഞ്ചരിക്കുന്ന വായനശാലയുടെ സേവനം പതിവായി എത്തുന്നത്.
1966 ൽ പ്രവർത്തനം ആരംഭിച്ച വായനശാല ചാലക്കുടി താലൂക്കിലെ മികച്ച ലൈബ്രറികളിലൊന്നായി വളരുകയും ജില്ലാ ലൈബ്രറി കൗൺസിലിന്റെ എ പ്ലസ് അംഗീകാരം നേടുകയും ചെയ്തിരുന്നു. 650 അംഗങ്ങളും 13,000 പുസ്തകങ്ങളുമുണ്ട്. നവീകരിച്ച കോൺഫറൻസ് ഹാൾ കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്തതോടെ കൂടുതൽ സൗകര്യങ്ങളായി. ബാലവേദി, വനിതാവേദി, യുവജനവേദി എന്നിവയും വയോജന ക്ലബ്ബും വിജ്ഞാനകേന്ദ്രവും അനുബന്ധമായി പ്രവർത്തിക്കുന്നു.
ഗവ.മോഡൽ റസിഡൻഷ്യൽ സ്കൂളുമായി സഹകരിച്ച് ഒട്ടേറെ സേവന, വിജ്ഞാന പ്രവർത്തനങ്ങൾ നടപ്പാക്കുന്നു. എല്ലാ വർഷവും പ്രതിഭാസംഗമം ഒരുക്കി വിദ്യാർഥികൾക്ക് കാഷ് അവാർഡുകൾ നൽകി അനുമോദിക്കുകയും പ്രഗത്ഭരെ പങ്കെടുപ്പിച്ച് പ്രചോദാത്മക ക്ലാസ് സംഘടിപ്പിക്കുകയും ചെയ്യുന്നു. കരിയർ ഗൈഡൻസ് ക്യാംപുകളും ഒരുക്കുക പതിവാണ്.
ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ തിരഞ്ഞെടുക്കപ്പെട്ട കലാ പരിശീലന കേന്ദ്രമാണ്. യോഗ, കളരി, ഡാൻസ്,സംഗീത ക്ലാസുകളും നടത്തുന്നു ശനി, ഞായർ ദിവസങ്ങളിൽ പെയിന്റിങ്, നാടൻപാട്ട്, ചുമർചിത്ര രചന ക്ലാസുകൾ ഉണ്ടാകും. 2 വിദ്യാർഥികൾക്കു സുമനസ്സുകളുടെ സഹായത്തോടെ 6.5 ലക്ഷം രൂപ വീതം ചെലവിൽ വീട് നിർമിച്ചു നൽകി. വായനശാല അംഗങ്ങൾ രൂപീകരിച്ച വള്ളത്തോൾ പുരുഷഗണം കാരുണ്യ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.
സ്വന്തം കെട്ടിടമുള്ളതിനാൽ സെമിനാറുകൾ, കർഷക കൂട്ടായ്മകൾ എന്നിവ സംഘടിപ്പിക്കാൻ എളുപ്പമാണ്. നിലവിലെ ഭരണസമിതിയെ നയിക്കുന്നത് പ്രസിഡന്റ് ടി.എ. ഷാജിയും സെക്രട്ടറി ആന്റുവുമാണ്. അംഗത്വത്തിനും വിവരങ്ങൾക്കും ബന്ധപ്പെടുക. ഫോൺ: 9447723268.