വിക്ടർ ജോർജ് അനുസ്മരണവും പത്രപ്രവർത്തക ദിനാചരണവും
Mail This Article
തൃശൂർ ∙ കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി വിക്ടർ ജോർജ് അനുസ്മരണവും പത്രപ്രവർത്തക ദിനാചരണവും നടത്തി. കേരള മീഡിയ അക്കാദമി വൈസ് ചെയർമാൻ ഇ.എസ്.സുഭാഷ് ഉദ്ഘാടനം ചെയ്തു. മനോരമ ഫൊട്ടോഗ്രഫറായിരുന്ന വിക്ടർ ജോർജിന്റെ തൊഴിലിനോടുള്ള ആത്മാർഥത വരുംതലമുറയ്ക്ക് പാഠമാണെന്ന് സുഭാഷ് പറഞ്ഞു.
പത്രപ്രവർത്തനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന കാലമാണിത്. മാധ്യമ പ്രവർത്തകർക്ക് മുൻപ് ലഭിച്ചിരുന്ന അംഗീകാരം ഇപ്പോൾ ലഭിക്കുന്നില്ലെന്നും ഇ.എസ്. സുഭാഷ് പറഞ്ഞു. മനോരമ പിക്ചർ എഡിറ്റർ ഉണ്ണി കോട്ടക്കൽ വിക്ടർ ജോർജ് അനുസ്മരണം നടത്തി.
വിക്ടറിനൊപ്പം ജോലി ചെയ്തതിന്റെ അനുഭവങ്ങൾ അദ്ദേഹം പങ്കുവച്ചു. ദിനാചരണ പ്രഭാഷണം യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത നിർവഹിച്ചു. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പത്രപ്രവർത്തകന്റെ അന്തസ്സ് തിരിച്ചുപിടിക്കാൻ പോരാട്ടം നടത്തണമെന്ന് വിനീത പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് ഒ.രാധിക അധ്യക്ഷത വഹിച്ചു. സീനിയർ ജേണലിസ്റ്റ് എ.സേതുമാധവൻ, പ്രസ്‌ക്ലബ് സെക്രട്ടറി പോൾ മാത്യു, ട്രഷറർ കെ.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.