എല്ലാ ആഴ്ചയിലും തൃശൂർ പൂരം ആസ്വദിക്കാൻ പദ്ധതി
Mail This Article
തൃശൂർ ∙ എല്ലാ ആഴ്ചയിലും തൃശൂർ പൂരം ആസ്വദിക്കാൻ പദ്ധതി. തെക്കേ ഗോപുരനടയിൽ പൂരത്തിന്റെ ത്രീഡി ലേസർ ഷോ പ്രദർശിപ്പിക്കാനുള്ള പദ്ധതിയാണ് അരങ്ങൊരുങ്ങുന്നത്. ആദ്യഘട്ടമെന്ന നിലയിൽ എല്ലാ ശനിയാഴ്ചകളിലും ഷോകൾ നടത്താനാണ് പദ്ധതി. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് (സിൽക്ക്) ആണ് പദ്ധതി തയ്യാറാക്കിയത്. 10 എച്ച്ഡി പ്രൊജക്ടറുകളുടെ സഹായത്തോടെയാകും പ്രദർശനം.
കുടമാറ്റം, ഇലഞ്ഞിത്തറ മേളം, വെടിക്കെട്ട് ഉൾപ്പെടെ കൊടിയേറ്റം മുതൽ ഉപചാരം ചൊല്ലിപ്പിരിയുന്നതു വരെയുള്ള പൂരത്തിന്റെ എല്ലാ ചടങ്ങുകളും ഷോയിലൂടെ പുനർജനിക്കും. പൂരത്തിന്റെയും വടക്കുന്നാഥ ക്ഷേത്രത്തിന്റെയും ചരിത്രവും ഷോയിൽ ഉൾപ്പെടുത്തും. യോഗത്തിൽ മേയർ എം കെ വർഗീസ്, കലക്ടർ വി.ആർ.കൃഷ്ണ തേജ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ. സുദർശൻ, അംഗങ്ങളായ എം.ബി. മുരളീധരൻ,
പ്രേംരാജ് ചൂണ്ടലാത്ത്, അസിസ്റ്റന്റ് കലക്ടർ കാർത്തിക് പാണിഗ്രഹി, ദേവസ്വം ബോർഡ് സെക്രട്ടറി പി.ബിന്ദു, പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ. എം.ബാലഗോപാൽ, തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ഡോ. സുന്ദർ മേനോൻ, സെക്രട്ടറി കെ.ഗിരീഷ് കുമാർ, ടൂറിസം ഡിഡി സുബൈർ കുട്ടി, ഡിടിപിസി സെക്രട്ടറി ഡോ. ജോബി ജോർജ്, സിൽക്ക് എംഡി ടി.ജി.ഉല്ലാസ് കുമാർ, മറ്റു ദേവസ്വം ഭാരവാഹികൾ, ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ, സിൽക്ക് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.