വടക്കാഞ്ചേരിയിൽ ട്രെയിനുകൾക്കുനേരെ കല്ലേറ്; കുട്ടികളെ സംശയം
Mail This Article
വടക്കാഞ്ചേരി ∙ മംഗലാപുരം- നാഗർകോവിൽ പരശുറാം എക്സ്പ്രസ്, എറണാകുളം- ബെംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് എന്നീ ട്രെയിനുകൾക്കുനേരെ ടൗണിലെ പഴയ റെയിൽവേ ഗേറ്റിനും എങ്കക്കാട് റെയിൽവേ ഗേറ്റിനും മധ്യേ ഇന്നലെ രാവിലെ പതിനൊന്നരയോടെ കല്ലേറുണ്ടായി. ഒരേസമയത്ത് സമീപ ട്രാക്കുകളിലൂടെ ഇരുദിശകളിലേക്കു പോയ ട്രെയിനുകളായിരുന്നു. 10 വയസ്സിനും 15 വയസ്സിനും ഇടയിലുള്ള ഏതാനും കുട്ടികളാണു കല്ലെറിഞ്ഞതെന്ന് ഇന്റർസിറ്റിയിലെ ഗാർഡ് ആർപിഎഫിനു മൊഴി നൽകി. കല്ലേറിൽ പരശുറാം എക്സ്പ്രസിന്റെ എസി കോച്ചിന്റെ ജനൽച്ചില്ലിൽ വിള്ളൽ വീണു. ഇന്റർസിറ്റിയിൽ ഗാർഡിന്റെ മുറിയിലാണു കല്ലു വീണത്. കല്ലേറുകളിൽ ആർക്കും പരുക്കില്ല.
ട്രെയിനുകൾക്കുനേരെ കല്ലേറുണ്ടായ വിവരം അറിഞ്ഞ ഉടനെ ഇൻസ്പെക്ടർ കെ.മാധവൻകുട്ടിയുടെ നേതൃത്വത്തിൽ ലോക്കൽ പൊലീസും ഇൻസ്പക്ടർ അജയ്കുമാറിന്റെ നേതൃത്വത്തിൽ റെയിൽവേ സുരക്ഷാ സേനയും (ആർപിഎഫ്) സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. ആർപിഎഫ് കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്. സമീപത്തെ വീടുകളിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ 3 കുട്ടികളാണു കല്ലെറിഞ്ഞതെന്നു കണ്ടെത്തിയെങ്കിലും കുട്ടികളെ തിരിച്ചറിയാനായിട്ടില്ല. പ്രദേശവാസികളായ കുട്ടികളാണെന്ന നിഗമനത്തിൽ അവരെ കണ്ടെത്താനായി ആർപിഎഫ് ഊർജിത അന്വേഷണം ആരംഭിച്ചു.
കല്ലേറുണ്ടായ വിവരം 2 ട്രെയിനുകളിലെയും ലോക്കോ പൈലറ്റുമാർ ഫോണിലൂടെ ആർപിഎഫിനെ അറിയിക്കുകയായിരുന്നു. ട്രെയിനുകൾ നിർത്താതിരുന്നതു മൂലം ട്രെയിൻ ഗതാഗതത്തെ ബാധിച്ചില്ല. കല്ലെറിഞ്ഞതു കുട്ടികളാകാമെങ്കിലും അവരെക്കൊണ്ട് ആരെങ്കിലും അതു ചെയ്യിച്ചതാണോ എന്ന കാര്യവും ആർപിഎഫും ലോക്കൽ പൊലീസും അന്വേഷിക്കുന്നുണ്ട്.കല്ലേറു നടന്നതിനു പിന്നാലെ സംഭവ സ്ഥലത്തു കണ്ട തമിഴ്നാട് സ്വദേശിയായ യുവാവിനെ ആർപിഎഫും ലോക്കൽ പൊലീസും ചേർന്നു ചോദ്യം ചെയ്തെങ്കിലും കല്ലേറുമായി ബന്ധമില്ലെന്നാണു ബോധ്യപ്പെട്ടത്. താൻ റെയിൽ പാളത്തിനരികിലൂടെ നടന്നു പോകുമ്പോൾ സംഭവം നടന്ന സ്ഥലത്തിനു സമീപം കുട്ടികൾ കളിക്കുന്നതു കണ്ടിരുന്നുവെന്ന് യുവാവു മൊഴിനൽകി.