ഇരിങ്ങാലക്കുട: ഇനി പൊലീസിന്റെ കാൽനട പട്രോളിങ്
Mail This Article
ഇരിങ്ങാലക്കുട ∙ നഗരത്തിൽ ഇനി ഏത് സമയത്തും ഏത് റോഡിലും ഇനി പൊലീസ് സംഘത്തെ കാണാം. റോഡുകളിലെ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊലീസ് ആരംഭിച്ച കാൽനട പട്രോളിങ് ആദ്യദിവസം ജനങ്ങൾക്ക് കൗതുകമായി. എസ്എച്ച്ഒ അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരാണ് കാൽനട പെട്രോളിങ് നടത്തിയത്. റോഡുകളിലെ സാമൂഹിക വിരുദ്ധരുടെ ശല്യം , ലഹരി വിൽപന, അനധികൃത പാർക്കിങ് തുടങ്ങി പൊതുജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് കണ്ട് മനസിലാക്കി പരിഹാരം കാണുകയാണ് കാൽനട പെട്രോളിങ്ങിലൂടെ ലക്ഷ്യമിടുന്നത്
ഇന്നലെ ബസ് സ്റ്റാൻഡ്, നഗരസഭ മൈതാനം, ഠാണാ ജംക്ഷൻ, മാർക്കറ്റ് തുടങ്ങി 5 കിലോമീറ്ററോളം പ്രദേശത്ത് ഇൻസ്പെക്ടർ അനീഷ് കരീമിന്റെ നേതൃത്വത്തിലുള്ള സംഘം കാൽ നടയായി പട്രോളിങ് നടത്തി. അടുത്ത ദിവസങ്ങളിലും നഗരത്തിലെ വിവിധ റോഡുകളിൽ പൊലീസ് സംഘത്തെ കാണാം. എസ്ഐമാരായ എം.എസ്.ഷാജൻ, എൻ.കെ.അനിൽ, കെ.പി.ജോർജ് എന്നിവരും പട്രോളിങ് സംഘത്തിലുണ്ടായിരുന്നു.