കുമ്മാട്ടിക്കൊരുങ്ങി ഊരകം
Mail This Article
ചേർപ്പ് ∙ ഓണം എത്തുന്നതിനും മാസങ്ങൾക്ക് മുൻപേ ഊരകത്തെ ഗ്രാമപ്രദേശങ്ങളിൽ കുമ്മാട്ടി ഉത്സവത്തിന്റെ ഒരുക്കങ്ങൾ തുടങ്ങി.നൂറ്റാണ്ടിലേറെ പഴക്കം അവകാശപ്പെടുന്ന കുമ്മാട്ടി ഉത്സവം നാലോണ ദിവസമായ സെപ്റ്റംബർ ഒന്നിന് ആഘോഷിക്കും. തിരുവോണം കുമ്മാട്ടി സംഘം വാരണംകുളം, കിഴക്കുമുറി, ചിറ്റേങ്ങര, കൊറ്റംകുളങ്ങര, തെക്കുമുറി, യുവജന കിസാൻ കോർണർ, കലാസമിതി കിസാൻ കോർണർ, അമ്പലനട എന്നീ സംഘങ്ങളാണ് കുമ്മാട്ടി ഉത്സവത്തിൽ പങ്കെടുക്കുന്നത്.
മാസങ്ങളായി വിവിധ സംഘങ്ങൾക്കുള്ള കുമ്മാട്ടി മുഖങ്ങളുടെ ഒരുക്കത്തിലാണ് പ്രദേശത്തെ യുവാക്കളും കലാകാരന്മാരും. കുമിഴ് മരത്തിൽ കൊത്തിയെടുത്ത ലക്ഷങ്ങൾ വിലവരുന്ന കുമ്മാട്ടി മുഖങ്ങളാണ് ഓരോ സംഘത്തിനും സ്വന്തമായുള്ളത്. ഓരോ വർഷവും ഇവർ പുതുതായി മുഖങ്ങൾ സ്വന്തമാക്കുകയും ചെയ്യാറുണ്ട്. എല്ലാ സംഘങ്ങൾക്കും കൂടി 200 ഓളം കുമ്മാട്ടി മുഖങ്ങൾ ഇവിടെ അണിനിരക്കും. ലക്ഷങ്ങൾ ചെലവ് വരുന്ന നിശ്ചല ദൃശ്യങ്ങളും ലഭിക്കാവുന്നതിൽ മികച്ച വിവിധ വാദ്യകലാകാരന്മാർ വേറെയും. നാലോണ ദിവസം ഉച്ചയ്ക്ക് ഒന്നിന് കുമ്മാട്ടികളി ആരംഭിക്കും. എല്ലാ സംഘങ്ങളും വാദ്യഘോഷങ്ങളോടെ ഊരകത്തമ്മ തിരുവടി ക്ഷേത്രം വലംവച്ച ശേഷം മമ്പിള്ളി ക്ഷേത്രത്തിലെത്തി രാത്രി 10 ഓടെയാണ് കുമ്മാട്ടികളി സമാപിക്കുക.