ADVERTISEMENT

മാള ∙ പുല്ലും ചണ്ടിയും നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട് വൈന്തോട് വഴി വെള്ളമെത്താതായതോടെ മാളയിലെ പ്രധാന ജലസ്രോതസ്സായ മാളച്ചാൽ മെലിയുന്നു. പല ഭാഗങ്ങളിലും കര തെളിഞ്ഞുതുടങ്ങിയ കാഴ്ച. ചാലക്കുടി പുഴയിൽനിന്ന് കണിച്ചാന്തുറ ലിഫ്റ്റ് ഇറിഗേഷൻ കനാൽ വഴി വൈന്തോട്ടിലെത്തുന്ന വെള്ളം കാവനാട് ചിറ വഴിയാണ് മാളച്ചാലിൽ എത്തുന്നത്. എന്നാൽ ഏതാണ്ട് ഭൂരിഭാഗം പ്രദേശങ്ങളിലും പുല്ലും കുളവാഴയും വലിയ രീതിയിൽ നിറഞ്ഞു കിടക്കുന്നതിനാൽ വെള്ളം മാളച്ചാലിലേക്ക് എത്തുന്നതിന്റെ അളവ് കുറഞ്ഞു. കനാൽ വഴിയെത്തുന്ന വെള്ളം പലയിടങ്ങളിലും അനധികൃതമായി ഊറ്റിക്കൊണ്ടു പോകുന്നതും വെള്ളമെത്താത്തതിനു കാരണമാകുന്നുണ്ട്. പ്രശ്നം സംബന്ധിച്ച് ജനപ്രതിനിധികൾ അടക്കം അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടി വാക്കിലൊതുങ്ങുകയാണ്.

കനാലിന്റെ പല ഭാഗങ്ങളും തകർന്നുകിടക്കുന്ന അവസ്ഥ തുടരുകയാണ്. ഇതിലും അധികൃതർക്ക് മൗനമാണ് മറുപടി. പ്രളയത്തിൽ തകർന്ന കനാലിന്റെ ഭാഗങ്ങളും 5 വർഷം പിന്നിടുമ്പോഴും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. കോടികൾ മുടക്കി പതിറ്റാണ്ട് മുൻപ് ആരംഭിച്ച വൈന്തോട് - മാളച്ചാൽ പദ്ധതിയും നിലച്ചു. 2 കിലോമീറ്റർ കെട്ടി സംരക്ഷിച്ച്, തോട് താഴ്ത്തി നവീകരണം നടത്തുകയാണ് പദ്ധതി. മണ്ണ് സംരക്ഷണ വകുപ്പും നബാർഡും സംയുക്തമായാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിട്ടിരുന്നത്. നിർമാണം ആരംഭിച്ച് ഏതാനും മീറ്റർ പിന്നിട്ടപ്പോഴേക്കും നിലച്ചു. തോടിന്റെ ഇരുവശങ്ങളിലുമുള്ള കയ്യേറ്റങ്ങൾ കണ്ടെത്തി തിരിച്ചുപിടിക്കാനുള്ള ശ്രമവും ആരംഭത്തിലേ അവസാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com