ADVERTISEMENT

ഇരിങ്ങാലക്കുട ∙ 41 തരം പായസം. സാമ്പാർ ഉൾപ്പെടെ പ്രധാന കറികൾ 36, കൂട്ടുകറികൾ 44, ചമ്മന്തി 33 തരം, മധുരം 19 തരം, ഇലത്തുമ്പിൽ ഇടതുവശത്ത് 20 തരം ഉപ്പിലിട്ടതും വലതുവശത്ത് 25 തരം വറവുകളും ചേർന്നൊരു ഓണസദ്യ ! ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ കൊമേഴ്സ് വിഭാഗം വിദ്യാർഥികൾ ഒരുക്കിയ സദ്യയിലാണ് 321 ഇനങ്ങൾ വിളമ്പിയത്. മാവേലിയെ വരവേറ്റ്, ഇലത്തുമ്പിൽ ഉപ്പും പുളിയിഞ്ചിയും നെയ്യും പരിപ്പും പഴവും വിളമ്പി തുടങ്ങിയ സദ്യവട്ടത്തിൽ കൂട്ടുകറികൾ വിളമ്പി.

ചോറിൽ ഒഴിച്ചു കൂട്ടാൻ സാമ്പാറും മറ്റ് 40 ഇനങ്ങളും കൂടി ചേർന്നതോടെ മെഗാ സദ്യ വിഭവസമൃദ്ധമായി. കറികൾ വിളമ്പിത്തീർന്നതോടെ പലതരം പായസങ്ങൾ ഇലയ്ക്കു മുൻപിൽ നിരത്തി. കൊമേഴ്സ് വിഭാഗത്തിലെ വിദ്യാർഥികൾ വീടുകളിൽ തയാറാക്കി ക്കൊണ്ടുവന്ന വിഭവങ്ങളാണ് വിളമ്പിയത്.കഴിഞ്ഞവർഷം 239 വിഭവങ്ങൾ തയാറാക്കി വിളമ്പിയ സദ്യ, ഏഷ്യ ബുക്ക് ഓഫ് റെക്കോഡ്സിൽ ഇടം പിടിച്ചിരുന്നു.

ഇത്തവണ ഗിന്നസ് ബുക്കിലേക്കാണു ശ്രമം. കഴിഞ്ഞ തവണ ഇല്ലാതിരുന്ന ഉപ്പും നെയ്യും പരിപ്പും പഴവുമൊക്കെ ഇത്തവണ കൂട്ടിച്ചേർത്തു. കോളജ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ സദ്യയിൽ ആയിരത്തോളം വിദ്യാർഥികൾ പങ്കാളികളായി. കേന്ദ്ര ടെലികോം അഡ്വൈസറി കമ്മിറ്റി അംഗം അസീസ് അബ്ദുല്ല ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഫാ.ജോളി ആൻഡ്രൂസ്, മാനേജർ ഫാ.ജോയ് പീണിക്കപറമ്പിൽ, കൊമേഴ്സ് വിഭാഗം മേധാവി കെ.ജെ.ജോസഫ്, വി.സന്ധ്യ, കോ ഓഡിനേറ്റർ ശ്രുതി എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com