ADVERTISEMENT

ചാലക്കുടി ∙ നഗരസഭയിലെ കോളനി പുനരുദ്ധാരണ പദ്ധതി പ്രകാരം വിജയരാഘവപുരം പട്ടികജാതി കോളനിയിൽ നൂറോളം വീടുകളുടെ നവീകരണം പൂർത്തിയാക്കും. സനീഷ്കുമാർ ജോസഫ് എംഎൽഎയുടെ നിർദേശപ്രകാരം പട്ടികജാതി വികസന വകുപ്പ് നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുത്ത കോളനി നവീകരണ പദ്ധതിയിൽ വിജയരാഘവപുരം പട്ടികജാതി കോളനിക്ക് ഒരു കോടി രൂപ അനുവദിച്ചു.

പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 32,33 വാർഡുകളിൽ ഉൾപ്പെടുന്ന 56 ഏക്കർ വരുന്ന പട്ടികജാതി കോളനിക്കുള്ളിലെ ഇരുനൂറോളം  പട്ടികജാതി വീടുകളിൽ അർഹതപ്പെട്ട നൂറോളം കുടുംബങ്ങളെയാണു ഭവന നവീകരണ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഈ വീടുകളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ നടത്തും.

ഓരോ വീടുകൾക്കും ആവശ്യമായ നവീകരണ പ്രവർത്തനങ്ങൾ എൻജിനീയർമാർ വീടുകളിൽ നേരിട്ടെത്തി എസ്റ്റിമേറ്റ് തയാറാക്കുന്ന പ്രവർത്തനം ആരംഭിച്ചു. ഓരോ വീടിനും 50,000 രൂപയ്ക്കു മുകളിലും 1.5 ലക്ഷം രൂപയ്ക്കു താഴെയും വരാവുന്ന പ്രവൃത്തികൾക്കാണ് എസ്റ്റിമേറ്റ് തയാറാക്കുന്നത്. അനുവദിച്ച ഒരു കോടി രൂപയിൽ വീടു നവീകരണത്തിന് ആവശ്യമായ തുക കഴിച്ച് ശേഷിക്കുന്ന തുക കോളനിയിലെ പൊതു പദ്ധതികളായ ശുദ്ധജല പദ്ധതി, ശ്മശാന നവീകരണം, ഡ്രൈനേജുകളുടെ നിർമാണം എന്നിവയ്ക്കായി ഉപയോഗിക്കും.

പദ്ധതി നടത്തിപ്പു സംബന്ധിച്ചു സനീഷ്കുമാർ ജോസഫ്  എംഎൽഎ, നഗരസഭാധ്യക്ഷൻ എബി ജോർജ്,നഗരസഭ വാർഡ് കൗൺസിലർമാർ, പട്ടികജാതി ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ കോളനിയിൽ ഗുണഭോക്താക്കളുടെ യോഗം നേരത്തെ ചേർന്നിരുന്നു. വാർഡ് കൗൺസിലർമാരായ ആലീസ് ഷിബു, ഷിബു വാലപ്പൻ,പട്ടികജാതി വികസന ഓഫിസർ പി.കെ.സുരജ,എഫ്എടി എൻജിനീയർമാരായ ശെൽവ രാജ്, ഷൈമ, ഓവർസീയർമാരായ പി.വി.വിനേഷ്,അനു ബൃന്ദ, പ്രമോട്ടർമാരായ ഗായത്രി കൃഷ്ണൻ,അൻഷ ബാബ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com