ADVERTISEMENT

 തൃശൂർ ∙ സങ്കീർണതകളും ദുർഘട ഘട്ടങ്ങളും തരണം ചെയ്തു ചന്ദ്രയാൻ–3 ദൗത്യത്തെ വിജയത്തിലെത്തിച്ചതിൽ പങ്കാളിയായി മുളങ്കുന്നത്തുകാവ് സ്വദേശിയും യുവ ശാസ്ത്രജ്ഞനുമായ ഹരീഷ് തമ്പാൻ. ചന്ദ്രയാൻ 3 ദൗത്യപേടകം (ലാൻഡർ മൊഡ്യൂൾ) ചന്ദ്രനിലിറങ്ങിയ ദൗത്യം സാക്ഷാത്ക്കരിച്ചതിനു ചുക്കാൻ പിടിച്ച ബെംഗളൂരു യു.ആർ. റാവു സാറ്റലൈറ്റ് സെന്ററിലെ സീനിയർ ശാസ്ത്രജ്ഞനാണു ഹരീഷ്. ബെംഗളൂരുവിലെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ഇസ്റോ) കീഴിലുള്ള ടെലിമന്ററി ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്‌വർക് സെന്റർ (ഇസ്ട്രാക്) ലാൻഡറും റോവറുമായി നടത്തിയ ആശയവിനിമയത്തിൽ നിർണായക പങ്കുവഹിക്കുന്ന വിവിധ ആശയവിനിമയ സംവിധാനങ്ങളുടെ ഉത്തരവാദിത്തം ഹരീഷ് ഉൾപ്പെട്ട ആർഎസ് കമ്യൂണിക്കേഷൻ ടീമിനായിരുന്നു.

റേഡിയോ ഫ്രീക്വൻസി വഴി ലാൻഡറിലേക്കുള്ള ആശയവിനിമയങ്ങൾ നടത്തിയതും ചന്ദ്രനിൽ തുടരുന്ന റോവറിലേക്കുള്ള ആശയവിനിമയം തുടരുന്നതും ഹരീഷ് അടങ്ങുന്ന സംഘമാണ്. ലാൻഡറും റോവറും തമ്മിൽ കൃത്യമായി ആശയവിനിമയം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ് ഹരീഷ്. 2005–ലാണ് ഹരീഷ് ഇസ്റോയിൽ ചേരുന്നത്. 2020–ൽ ചന്ദ്രയാൻ–3 ദൗത്യത്തിന്റെ ഭാഗമായി. പലഘട്ടങ്ങളിലുള്ള പരീക്ഷണത്തിനു ശേഷം 13 ആശയവിനിമയ സംവിധാനങ്ങളാണു ദൗത്യത്തിനായി ഉപയോഗിച്ചതെന്നും വളരെ നാളത്തെ സംഘത്തിന്റെ കഠിനാധ്വാനം ഫലപ്രദമായതിൽ സന്തോഷമുണ്ടെന്നും ഹരീഷ് ‘മനോരമ’യോടു പറഞ്ഞു.

ബെംഗളൂരുവിലെ ആഘോഷങ്ങൾക്കു ശേഷം ഹരീഷ് ഇന്നലെ ഓണാവധിക്കായി നാട്ടിലെത്തി. പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിൽ നിന്ന് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ എൻജിനീയറിങ് ബിരുദം നേടി. തുടർന്നു ഡൽഹി ഐഐടിയിൽ നിന്നു ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. മുളങ്കുന്നത്തുകാവ് ‘പുഷ്പകം’ വീട്ടിലാണു താമസം. നടയ്ക്കൽ കോവിലകം എൻ.കെ.കെ. തമ്പാന്റെയും പി.എം. ശാന്തകുമാരിയുടെയും മകനാണ്. ഭാര്യ: എം.സീമ. മകൾ: നന്ദിനി. ബഹിരാകാശ ശാസ്ത്ര മേഖല കൂടാതെ യോഗാ അധ്യാപകൻ കൂടിയാണു ഹരീഷ്. ആർട് ഓഫ് ലിവിങ്ങിൽ നിന്നു ഗ്രേഡ് 2 യോഗാ അധ്യാപക സർട്ടിഫിക്കറ്റാണു നേടിയത്. 2017–ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന രാജ്യാന്തര യോഗാ സമ്മേളനത്തിൽ കേന്ദ്ര സർക്കാർ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ട്. ഇന്ത്യൻ സെന്റർ ഫോർ കൾചറൽ സ്റ്റഡീസാണ് ഇതിനായി ഹരീഷിനെ തിരഞ്ഞെടുത്തത്.

സ്വീകരണം നൽകി

കോലഴി ∙ ചന്ദ്രയാൻ–3ന്റെ വിജയത്തിന്റെ ഭാഗമായ ഇസ്റോ ശാസ്ത്രജ്ഞൻ ഹരീഷ് തമ്പാനു സ്വദേശമായ തിരൂരിൽ സ്വീകരണം നൽകി. ആർട്ട് ഓഫ് ലിവിങ് രാജ്യാന്തര ഫാക്കൽറ്റി ബാലു തൃശൂർ അധ്യക്ഷനായിരുന്നു. കോലഴി പഞ്ചായത്തംഗം ബീന രാധാകൃഷ്ണൻ, വടകുറുംബക്കാവ് ക്ഷേത്ര സമിതി സെക്രട്ടറി ഹരിദാസ് പടശേരി, ആർട്ട് ഓഫ് ലിവിങ് ജില്ലാ പ്രസിഡന്റ് സി.ഐ. അജയൻ, സെക്രട്ടറി പ്രഫ.സുവിൻ ശങ്കർ, തിരൂർ ജ്ഞാന ക്ഷേത്രം സെക്രട്ടറി ഷിബീഷ് ശ്രീധരൻ, പ്രസിഡന്റ് ജയശ്രീ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com