ADVERTISEMENT

തൃശൂർ ∙ ജലപാതകളിലൂടെ അണക്കെട്ടുകളിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ വേഗവും വ്യാപ്തിയും കണ്ടെത്താനും അടിയന്തര സാഹചര്യത്തിൽ തുറന്നുവിടേണ്ട വെള്ളത്തിന്റെ അളവ് കൃത്യമായി കണക്കാക്കാനും സഹായിക്കുന്ന ആശയവുമായി കലക്ടറേറ്റിലെ ഡിസ്ട്രിക്ട് എമർജൻസി ഓപ്പറേഷൻ സെന്ററിലെ (ഡിഇഒസി) ക്ലാർക്കും ദുരന്തനിവാരണ പഠനത്തിൽ ഗവേഷണ വിദ്യാർഥിയുമായ ഷിബു ജോർജ്. സെൻസർ സംവിധാനം ഉപയോഗിച്ച് കണ്ടെത്തുന്ന വേഗം, അളവ്, പെയ്യുന്ന മഴയുടെ തോത് എന്നീ വിവരങ്ങൾ ജിഎസ്എം/റേഡിയോ ഫ്രീക്വൻസി മൊഡ്യൂളുകൾ മുഖേന കലക്ടറേറ്റ്/ഡാം കൺട്രോൾ റൂമുകളിലേക്ക് എത്തിക്കുകയാണു ചെയ്യുന്നത്.

പുഴകളിലെ നിലവിലെ ജലനിരപ്പും കടലിലേക്കുള്ള ജലത്തിന്റെ ഒഴുക്കിന്റെ അനുപാതവും ബന്ധപ്പെടുത്തി, ഒരു സോഫ്റ്റ്‌വെയർ പ്രോഗ്രാമിലൂടെയാണു തുറന്നുവിടേണ്ട ജലത്തിന്റെ അളവ് കണക്കാക്കുക. സുരക്ഷ ഉറപ്പുവരുത്താനും വൈദ്യുതിയായി മാറ്റേണ്ട ജലം നഷ്ടപ്പെടുത്താതെ സംരക്ഷിക്കാനും ഇതുമൂലം കഴിയും. പറമ്പിക്കുളം, ഷോളയാർ ഡാമുകളിൽ നിന്ന് പെരിങ്ങൽക്കുത്ത് ഡാമിലേക്കുള്ള ജലപാതകളിലെ ഒഴുക്കിന്റെ വേഗവും അളവും പഠനവിധേയമാക്കിയാണ് ഷിബു ജോർജ് ആശയാവതരണം നടത്തിയിരിക്കുന്നത്.

വലിയ വൃഷ്ടിപ്രദേശവും കുറഞ്ഞ സംഭരണശേഷിയും ആണ് പെരിങ്ങൽക്കുത്ത് ഡാമിനുള്ളത്. ഇതിനു മുകൾനിരപ്പിൽ വരുന്ന പറമ്പിക്കുളം, ഷോളയാർ ഡാമുകൾ തുറക്കുകയോ പെരിങ്ങൽക്കുത്ത് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്യുകയോ ചെയ്താൽ പോലും ഷട്ടറുകൾ തുറന്ന് ജലം ചാലക്കുടിപ്പുഴയിലേക്ക് ഒഴുക്കുകയല്ലാതെ മറ്റു മാർഗങ്ങൾ ഇല്ല. പെരിങ്ങൽക്കുത്ത് ഡാം എത്ര സമയം കൊണ്ട് നിറയുമെന്നു കണക്കാക്കാൻ കൃത്യമായ ശാസ്ത്രീയ സംവിധാനവുമില്ല.

ചാലക്കുടിപ്പുഴയിൽ ഉയർന്ന ജലനിരപ്പുള്ള സമയത്താണ് ഡാം തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കുന്നതെങ്കിൽ ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറാനും സാധ്യതയുണ്ട്. പുതിയ ആശയം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുൻപാകെ ഷിബു ജോർജ് അവതരിപ്പിച്ചിട്ടുണ്ട്. പറമ്പിക്കുളം, ഷോളയാർ മേഖലകളിലെ മൊബൈൽ റേഞ്ച് ആണ് നിലവിൽ ഈ സംവിധാനത്തിന് വിലങ്ങുതടിയാകുന്നത്. മേഖലയിൽ ഒരു റിപ്പീറ്റർ സ്ഥാപിക്കുന്നതോടെ ഈ പരിമിതിയും മറികടക്കാനാകുമെന്നും അദ്ദേഹം പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com