പി.പി.മുകുന്ദന് തൃശൂരിന്റെ അന്ത്യാഞ്ജലി
Mail This Article
തൃശൂർ ∙ ആർഎസ്എസ് പ്രചാരകനായി ദീർഘകാലം തൃശൂർ കർമഭൂമിയാക്കിയിരുന്ന പി.പി.മുകുന്ദനു നഗരത്തിന്റെ അന്ത്യാഞ്ജലി. ജില്ലയിൽ ആർഎസ്എസിനും ബിജെപിക്കും ശക്തമായ അടിത്തറ നേടിയെടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച നേതാവിനെ അവസാനമായി കാണാൻ ഒട്ടേറെ പ്രവർത്തകരാണു മണിക്കൂറുകളോളം കാത്തുനിന്നത്. ഇന്നലെ രാവിലെ കൊച്ചിയിൽ അന്തരിച്ച മുകുന്ദന്റെ ഭൗതിക ശരീരം, അയ്യന്തോൾ സരസ്വതി വിദ്യാനികേതൻ സ്കൂൾ അങ്കണത്തിലായിരുന്നു ജില്ലയിൽ പൊതുദർശനത്തിനെത്തിച്ചത്.
ഇന്നലെ വൈകിട്ട് 4 മുതൽ സ്കൂൾ അങ്കണത്തിലേക്കു പ്രവർത്തകർ എത്തിത്തുടങ്ങിയിരുന്നു. നിശ്ചയിച്ചതിലും 4 മണിക്കൂർ വൈകിയാണു ഭൗതികശരീരം സ്കൂളിലേക്കെത്തിച്ചത്. ആലുവയിലും അങ്കമാലിയിലും ചാലക്കുടിയിലും കാത്തുനിന്ന പ്രവർത്തകർക്ക് ആദരമർപ്പിക്കാൻ വാഹനം നിർത്തിയിരുന്നു. ആദ്യകാല പ്രവർത്തകർ മുതൽ പറഞ്ഞുകേട്ട പ്രവർത്തനങ്ങളിലെ അദ്ദേഹത്തിന്റെ ജീവിതചിത്രം ആവേശമായി ഏറ്റുവാങ്ങിയ പുതുതലമുറക്കാർ വരെ ഇന്നലെ സ്കൂളിലെത്തി. ജനസംഘത്തിനും പിൽക്കാലത്തു ബിജെപിക്കും തൃശൂരിൽ അടിത്തറ നേടിയെടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചവരിൽ ഒരാളായാണു മുകുന്ദൻ വിലയിരുത്തപ്പെടുന്നത്.
1967 ലാണ് അദ്ദേഹം ആർഎസ്എസിന്റെ തൃശൂർ ജില്ലാ പ്രചാരകനാകുന്നത്. തുടർന്ന് 1975ൽ ജില്ലാ പ്രചാരകനായിരിക്കെ അടിയന്തരാവസ്ഥക്കാലത്ത് സി.കെ.പത്മനാഭനൊപ്പം അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചു. 21 മാസമാണു വിയ്യൂർ സെൻട്രൽ ജയിലിൽ കഴിഞ്ഞത്. അടിയന്തരാവസ്ഥയ്ക്കെതിരായ സമരത്തിൽ ഏറ്റവും കൂടുതൽ പേർ അറസ്റ്റ് വരിച്ച ജില്ലകളിലൊന്നു തൃശൂരായിരുന്നു.
അടിയന്തരാവസ്ഥ പിൻവലിച്ച് 2 മാസത്തിനു ശേഷമാണ് അദ്ദേഹം ജയിൽ മോചിതനായത്. ജില്ലയിൽ നൂറുകണക്കിനു സംഘപ്രവർത്തകരെ വാർത്തെടുക്കുന്നതിൽ അദ്ദേഹം പ്രധാനിയായി. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയെന്ന നിലയിൽ ജില്ലയിൽ പാർട്ടിയുടെ വളർച്ചയിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, ജനറൽ സെക്രട്ടറി എം.ടി.രമേശ്, വൈസ് പ്രസിഡന്റ് ബി.ഗോപാലകൃഷ്ണൻ, സെക്രട്ടറി എ.നാഗേഷ്, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ്കുമാർ, ബിഎംഎസ് മുൻ ദേശീയ അധ്യക്ഷൻ സി.കെ.സജി നാരായണൻ, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോൻ വട്ടേക്കാട്, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ, ആർഎസ്എസ് കാര്യവാഹ് വി.ഉണ്ണിക്കൃഷ്ണൻ, നേതാക്കളായ സി.സദാനന്ദൻ, രവികുമാർ ഉപ്പത്ത്, വി.രാധാകൃഷ്ണൻ, ജെഡിയു സംസ്ഥാന പ്രസിഡന്റ് സുധീർ ജി.കൊല്ലറ, കോൺഗ്രസ് നേതാവ് ടി.വി.ചന്ദ്രമോഹൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം.കെ.കണ്ണൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഷാജൻ, യൂത്ത് കോൺഗ്രസ് നേതാവ് സുനിൽ ലാലൂർ എന്നിവർ പ്രണാമം അർപ്പിച്ചു. തുടർന്നു ഭൗതിക ശരീരം കോഴിക്കോട്ടേക്കു കൊണ്ടുപോയി.