ദേശീയപാത നിർമാണത്തിനെത്തിച്ച വാഹങ്ങളിലെ ബാറ്ററി, ഡീസൽ മോഷണം പോകുന്നു; ഉറക്കം നഷ്ടപ്പെട്ട് തൊഴിലാളികൾ
Mail This Article
പുന്നയൂർക്കുളം ∙ ദേശീയപാത നിർമാണത്തിനെത്തിച്ച വാഹനങ്ങളിൽനിന്നു ബാറ്ററി, ഡീസൽ മോഷണം പതിവായതോടെ വെട്ടിലായിരിക്കുകയാണ് തൊഴിലാളികൾ. ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും റോഡ് റോളറും രാത്രി പണി കഴിഞ്ഞാൽ ഓഫിസ് പ്രവർത്തിക്കുന്ന പാപ്പാളിയിലേക്ക് കൊണ്ടുവരേണ്ട അവസ്ഥയാണ്. ഇതോടൊപ്പം വണ്ടിക്ക് കാവൽ കിടക്കേണ്ട ഗതികേടും. നേരത്തെ ഇത് പണി നടക്കുന്ന സ്ഥലങ്ങളിൽ നിർത്തിയിടാറാണ് പതിവ്.
കഴിഞ്ഞദിവസങ്ങളിൽ 13,000 രൂപ വിലയുള്ള 2 ബാറ്ററിയാണ് മോഷ്ടിച്ചത്. ഡീസൽ ചോർത്തിയതിനു കണക്കില്ലെന്നും ഇവർ പറയുന്നു. ജോലി കഴിഞ്ഞ് തൊഴിലാളികൾ കിടക്കുംവരെ പ്രദേശത്ത് ചില സംഘങ്ങൾ കറങ്ങാറുണ്ടെന്ന് പറയുന്നു. ക്ഷീണിച്ചുറങ്ങുന്ന തൊഴിലാളികൾ പെട്ടെന്ന് ഉണരില്ലെന്നതും അയൽസംസ്ഥാന തൊഴിലാളികളായതിനാൽ പ്രതികരിക്കില്ലെന്ന തോന്നലും മോഷ്ടാക്കൾക്ക് സൗകര്യമാണ്. തൊഴിലാളികളുടെ താമസസ്ഥലത്തും നേരത്തെ മോഷണം ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച് വടക്കേകാട് പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല.
ചാവക്കാട് വരെയുള്ള പണിക്കായി കൊണ്ടുവന്ന 30 ടോറസ് ലോറി, റോഡ് റോളർ, മണ്ണുമാന്ത്രി യന്ത്രം എന്നിവയാണ് ഇപ്പോൾ പാപ്പാളിയിൽ എത്തിച്ചിട്ടുള്ളത്. ഗതാഗതത്തിനു തുറന്നുകൊടുക്കാത്ത പുതിയ റോഡിലാണ് വാഹനങ്ങൾ നിർത്തിയിടുന്നത്. ഏതാനും തൊഴിലാളികൾ വണ്ടിയിലോ റോഡിലോ ആണ് ഉറങ്ങുന്നത്. ഇതിനിടയിലും കഴിഞ്ഞ ദിവസം രാത്രി മോഷണശ്രമം നടന്നു. സമീപവാസി തൊഴിലാളികളെ വിവരം അറിയിച്ചതോടെ മോഷ്ടാവ് രക്ഷപ്പെട്ടു.
അടച്ചിട്ട വീട്ടിൽ മോഷണം
പെരുമ്പടപ്പ് ∙ പുത്തൻപള്ളി കുഴപ്പുള്ളി റോഡിൽ കാരകൂട്ടത്തിൽ ഷഹീദ കുഞ്ഞിമോന്റെ അടച്ചിട്ട വീട്ടിൽ മോഷണം. സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വീട്ടുകാർ വിദേശത്ത് ആയതിനാൽഎന്തൊക്കെ നഷ്ടപ്പെട്ടെന്ന കാര്യത്തിൽ വ്യക്തതയില്ല. വീട്ടിലെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ വീട്ടുകാർക്ക് ഗൾഫിൽ ലഭിച്ചിരുന്നു. എന്നാൽ ഇന്നലെ പുലർച്ചെ മുതൽ സിസിടിവി കണക്‌ഷൻ ലഭിച്ചിരുന്നില്ല. സംശയം തോന്നിയപ്പോൾ വീട്ടിൽ പോയി നോക്കാൻ അയൽവാസിയായ മുഹമ്മദ് കുട്ടിക്ക് വാട്‌സാപ് സന്ദേശം അയച്ചു.
ഇതനുസരിച്ച് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. മുൻവശത്തെ വാതിലിന്റെ പൂട്ട് പൊളിച്ച നിലയിലാണ്. അകത്തെ 3 അലമാരകൾ കുത്തിത്തുറന്നിട്ടുണ്ട്. സ്വർണവും പണവും ഈ അലമാരകളിലായിരുന്നുവെന്നാണ് വിവരം. വീടിന്റെ ഉമ്മറത്തെ സിസി ടിവി ക്യാമറകൾ ദിശ മാറ്റിയ നിലയിലാണ്. സിസിടിവിയുടെ ഹാർഡ് ഡിസ്‌കും മോഷണം പോയി. പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങി.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local