ആനക്കയം ഊരുവാസികളെ പോത്തുപാറയിൽ പുനരധിവസിപ്പിക്കും
Mail This Article
അതിരപ്പിള്ളി ∙ 2018 പ്രളയത്തിൽ ഊരിൽ നിന്നും പലായനം ചെയ്ത ആനക്കയം ആദിവാസി ഊരുനിവാസികളെ പോത്തുപാറയിൽ പുനരധിവസിപ്പിക്കുന്നതിനായി 1.7812 ഹെക്ടർ ഭൂമി അനുവദിച്ചതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു. സംസ്ഥാന തല മോണിറ്ററിങ് സമിതി യോഗത്തിലാണ് ഭൂമി അനുവദിക്കുന്നതിനുള്ള അംഗീകാരം നൽകുവാൻ തീരുമാനമായത്.
വനാവകാശ നിയമപ്രകാരം നേരത്തെ പതിച്ചു നൽകിയ സ്ഥലത്ത് താമസിച്ചിരുന്ന 12 കുടുംബങ്ങളാണ് തവളക്കുഴിപ്പാറ ആദിവാസി സങ്കേതത്തിലേക്കു പോകുന്ന റോഡിനു സമീപം പോത്തുപാറയിൽ താമസിക്കുന്നത്. വീടും കൃഷിയിടങ്ങളും നഷ്ടപ്പെട്ട ഇവർ പാറപ്പുറത്തും പുഴയോരത്തും കുടിൽ കെട്ടിയാണ് 3 വർഷത്തോളം താമസിച്ചിരുന്നത്. പുനരധിവാസം വൈകിയതോടെ 2021 ൽ ഇക്കൂട്ടർ പോത്തുപാറ വനപ്രദേശത്ത് കുടിയേറിപ്പാർത്തു.
ആന, പുലി, കരടി തുടങ്ങിയ വന്യമൃഗങ്ങൾ മേയുന്ന മേഖലയിലാണ് ഇക്കൂട്ടർ താമസിക്കുന്നത്. സ്വന്തമായി സ്ഥലമില്ലാത്തതിനാൽ ഇവർക്ക് സുരക്ഷിതമായ വീടുകൾ നിർമിക്കുന്നതിനു സർക്കാർ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. ഭൂമി സ്വന്തമാകുന്നതോടെ വർഷങ്ങളായുള്ള ഇവരുടെ കാത്തിരിപ്പിനു അറുതിയാകും. ആനക്കയത്ത് നൽകിയിരുന്നതിനു സമാനമായ ഭൂമിയാണ് പോത്തുപാറയിൽ പകരം നൽകുന്നതെന്ന് എംഎൽഎ അറിയിച്ചു.