ADVERTISEMENT

തൃശൂർ ∙ ഒന്നിച്ചു നടക്കാറുള്ള ആ കൂട്ടുകാർ ഇന്നലെ ഒന്നിച്ചല്ല വന്നത്; ഒരാൾ മടങ്ങിയ ശേഷം അടുത്തയാൾ; ഏറെ നേരംകഴിഞ്ഞ് അടുത്തയാൾ. പക്ഷേ, അവരെ കാണാൻ മറ്റു കുട്ടികൾ ഒന്നിച്ചുവന്നു. കഴിഞ്ഞ ദിവസം നടത്തറ കൈനൂർ ചിറയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച നാലു സുഹൃത്തുക്കളിൽ സെന്റ് തോമസ് കോളജ് വിദ്യാർഥികളായ 3 പേരുടെയും മൃതദേഹങ്ങൾ സെന്റ് തോമസ് കോളജിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ കണ്ടുനിന്ന സഹപാഠികളും അധ്യാപകരും വിങ്ങിപ്പൊട്ടി. 4 പേരുടെയും മൃതദേഹങ്ങൾ ഇന്നലെ സംസ്കരിച്ചു. സെന്റ് തോമസ് കോളജിലെ ഒന്നാം വർഷ ബിബിഎ വിദ്യാർഥികളായ ടി.എ.നിവേദ് ക‍ൃഷ്ണ, അബി ജോൺ, സെയ്ദ് ഹുസൈൻ, എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജിലെ ബിബിഎ ഒന്നാം വർഷ വിദ്യാർഥി കെ.അർജുൻ എന്നിവരാണ് തിങ്കൾ ഉച്ചയ്ക്ക് മൂന്നോടെ കൈനൂർ ചിറയിലെ ഒഴുക്കിൽപ്പെട്ടു മരിച്ചത്. പാറമേക്കാവ് വിദ്യാമന്ദിറിൽ ഒന്നിച്ചു പ്ലസ് ടു പഠിച്ചവരാണ് നാലു പേരും. ആദരമർപ്പിച്ച് ഇരുകോളജുകൾക്കും ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു.

ജില്ലാ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം അബി ജോണിന്റെ മൃതദേഹം 10 മണിയോടെ സെന്റ് തോമസ് കോളജിൽ എത്തിച്ചു. തുടർ‌ന്ന് 10.30ന് നിവേദ് കൃഷ്ണയുടെയും. സെയ്ദ് ഹുസൈന്റെ മൃതദേഹം വീട്ടിൽ നിന്ന് കാളത്തോട് ജുമാ മസ്ജിദിൽ കബറടക്കത്തിന് കൊണ്ടുപോകും വഴിയാണ് കോളജിൽ പൊതുദർശനത്തിനു വച്ചത്. മന്ത്രി കെ.രാജൻ, കലക്ടർ വി.ആർ.കൃഷ്ണതേജ, കമ്മിഷണർ അങ്കിത് അശോകൻ, എംഎൽഎമാരായ പി.ബാലചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി എന്നിവർ കോളജിൽ അന്ത്യോപചാരമർപ്പിക്കാൻ എത്തിയിരുന്നു. കോളജ് മാനേജർ മാർ ടോണി നീലങ്കാവിൽ, എക്സിക്യൂട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ, പ്രിൻസിപ്പൽ ഫാ. മാർട്ടിൻ‌ കൊളമ്പ്രത്ത് എന്നിവർ പ്രസംഗിച്ചു. എൽത്തുരുത്ത് സെന്റ് അലോഷ്യസ് കോളജ് വിദ്യാർഥി കെ.അർജുന്റെ മൃതദേഹം വീട്ടിലെ പൊതുദർശ‌നത്തിനു ശേഷം പാറമേക്കാവ് ശാന്തിഘട്ടിൽ സംസ്കരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com