മുടപ്പുഴ ചെക്ക് ഡാം നവീകരണം തുടങ്ങി
Mail This Article
കൊരട്ടി ∙ മുടപ്പുഴ ചെക്ക് ഡാമിന്റെ നവീകരണ പ്രവൃത്തികൾക്കു തുടക്കമായി. 1959ൽ നിർമിച്ച മുടപ്പുഴ ഡാം ആദ്യമായാണ് മുഴുവനായും നവീകരിക്കുന്നത്. സനീഷ്‌കുമാർ ജോസഫ് എംഎൽഎയുടെ ശ്രമഫലമായി കഴിഞ്ഞ വർഷം ജൂലൈയിൽ ഒരുകോടി രൂപ നവീകരണ പ്രവൃത്തികൾക്കായി അനുവദിച്ചിരുന്നു. മൈനർ ഇറിഗേഷൻ വകുപ്പിനാണ് നിർമാണച്ചുമതല. അടിത്തട്ടിൽ അടിഞ്ഞു കൂടിയ ചെളിയും മണ്ണും നീക്കി ജലം സംഭരിക്കാൻ വ്യാപ്തി വർധിപ്പിക്കുകയും പാർശ്വഭിത്തികളുടെ ഈട് വർധിപ്പിക്കുകയും ചെയ്യുന്ന ജോലികളാണ് പുരോഗമിക്കുന്നത്. പഴയ ഷട്ടറുകൾ നീക്കം ചെയ്ത് പുതിയതു സ്ഥാപിക്കും. പ്രകൃതി സൗഹൃദ ഇടമാക്കി മാറ്റാനും സന്ദർശകർക്ക് വിനോദ ഉപകരണങ്ങൾ സജ്ജീകരിക്കാനും പദ്ധതിയുണ്ട്.
ചാലക്കുടി പുഴയിലെ തുമ്പൂർമുഴി ഇടതുകര കനാൽ വഴി ഒഴുകിയെത്തുന്ന വെള്ളം എറണാകുളം ജില്ലയിലെ മരങ്ങാടത്തു നിന്ന് കനാൽവഴി ഒഴുക്കിക്കൊണ്ടുവന്ന് ഇവിടെ സംഭരിച്ച്, ഷട്ടർ ഉപയോഗിച്ച് തുറന്നുവിടുകയാണ് ചെയ്യുന്നത്. കൊരട്ടി, കാടുകുറ്റി, അന്നമനട പഞ്ചായത്തുകളിലൂടെ ഒഴുകുന്ന കൊരട്ടിച്ചാലിലേക്കും ഇവിടെ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നു. നാട്ടുകാരുടെ കൂട്ടായ്മയിൽ ഏതാനും വർഷങ്ങൾക്കു മുൻപ് ഡാമിലെ ചെളിയും തടസ്സങ്ങളും നീക്കി ശുചീകരിക്കുകയും വിനോദത്തിനായി ചെറു ബോട്ട് ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ കാലപ്പഴക്കമുള്ള ഡാം തകർച്ചാ ഭീഷണി നേരിട്ടതോടെയാണ് നവീകരണത്തിനു അടിയന്തര നടപടിയായത്.