വർണക്കാഴ്ചയൊരുക്കി കാവടിക്കൂട്ടങ്ങൾ; പറമ്പൻതളി ഷഷ്ഠിക്ക് ആയിരങ്ങളെത്തി
Mail This Article
മുല്ലശേരി ∙ നിരനിരയായെത്തിയ കാവടിക്കൂട്ടങ്ങൾ വർണക്കാഴ്ചയൊരുക്കി. പറമ്പൻതളി മഹാദേവ ക്ഷേത്രത്തിലെ ഷഷ്ഠിക്ക് ആയിരങ്ങളെത്തി. പുലർച്ചെ 4ന് നട തുറന്നതുമുതൽ ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങളുടെ ഒഴുക്കായിരുന്നു. അഭിഷേകങ്ങൾ നടത്തിയും നിവേദ്യങ്ങൾ അർപ്പിച്ചും ഭക്തർ സായൂജ്യമണഞ്ഞു. വിശേഷാൽ പൂജയ്ക്ക് തന്ത്രി താമരപ്പിള്ളി വടക്കേടത്ത് ദാമോദരൻ നമ്പൂതിരി മുഖ്യകാർമികനായി. മേൽശാന്തിമാരായ സന്ദീപ് എമ്പ്രാന്തിരി, ദിനേശൻ എമ്പ്രാന്തിരി, രഞ്ജിത്ത് എമ്പ്രാന്തിരി എന്നിവർ സഹ കാർമികരായി. വ്രതാനുഷ്ഠാനത്തോടെ ഉടുക്കു പാട്ടിന്റെ താളത്തിൽ ശൂലം എഴുന്നള്ളിപ്പുകളാണ് ആദ്യം നട കയറിയത്. മുരുക സന്നിധിയിൽ ശൂലം ഉൗരി ഭഗവാനെ തൊഴാനുള്ള സൗകര്യം ഇവർക്ക് പ്രത്യേകം ഏർപ്പെടുത്തി.
വൈകിട്ട് 4 മുതലാണ് കാവടിക്കൂട്ടങ്ങൾ എത്തിത്തുടങ്ങിയത്. നിലക്കാവടികളും പീലിക്കാവടികളും പൂക്കാവടികളും നിറഞ്ഞാടിയതോടെ ക്ഷേത്ര മൈതാനം കാണികളെക്കൊണ്ട് നിറഞ്ഞു. വിവിധ തരം വാദ്യ മേളങ്ങളും നിശ്ചല ദൃശ്യങ്ങളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. രാത്രി 9ന് അവസാന കാവടി നട കയറുന്നതുവരെ ക്ഷേത്രത്തിനകത്തും പുറത്തും ഭക്തർ തിങ്ങിനിന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ വി.ലെനിൻ, മാനേജർ എം.വി. രത്നാകരൻ, വൊളന്റിയർ ക്യാപ്റ്റൻ കെ. ബിനോജ്, വിവിധ കമ്മിറ്റി ഭാരവാഹികളായ ഹരിദാസൻ കരുമത്തിൽ, അശോകൻ കുരിയക്കോട്ട്, രജീഷ് പറാപറമ്പിൽ, ശ്രീനു പുളിക്കൽ, ധീരജ് അരിയിക്കര, പ്രകാശ് എലവത്തൂർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഗുരുവായൂർ അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ കെ.ജി. സുരേഷ്, ഇൻസ്പെക്ടർ എം.കെ. രമേഷ് എന്നിവരുടെ നേതൃത്വത്തിൽ 250 പൊലീസുകാരാണ് സുരക്ഷാ ചുമതല വഹിച്ചത്.