മുണ്ടുടുത്ത് കലക്ടർ; ഞാൻ മലയാളിയായല്ലോ!
Mail This Article
തൃശൂർ ∙ മലയാള മനോരമ തൃശൂർ ഓഫിസിൽ ഒരുക്കിയ വിദ്യാരംഭത്തിൽ ‘ഹരിശ്രീ’ കുറിച്ചുനൽകി കലക്ടർ വി.ആർ.കൃഷ്ണതേജ. തനി മലയാളിയായി സ്വർണക്കസവുള്ള മുണ്ടു ധരിച്ചാണു കലക്ടർ ചടങ്ങിനെത്തിയത്. വിദ്യാരംഭദിനത്തിൽ ആദ്യമായാണു കുട്ടികൾക്ക് അക്ഷരങ്ങൾ പകർന്നു നൽകാൻ എത്തുന്നതെന്നും മലയാളത്തിൽ നല്ല പോലെ എഴുതാൻ അറിയാമെന്നും കലക്ടർ ആമുഖമായി പറഞ്ഞു. ‘എന്റെ സഹോദരിയുടെ മകളെ എഴുത്തിനിരുത്തിയിട്ടുണ്ട്. ആ ഓർമയിലാണ് എത്തിയത്. ആന്ധ്രയിൽ ഇത്തരം ചടങ്ങുകളുണ്ട്. അക്ഷരഭ്യാസ ആരംഭം എന്നാണു പേര്. എന്നാൽ ഒരു സ്ഥിരം ദിവസമല്ല.
എല്ലാ കുടുംബങ്ങളിലും അവർക്ക് ഇഷ്ടമുള്ള ദിവസം ചടങ്ങു സംഘടിപ്പിക്കും. കേരളത്തിലേതു പോലെ ഒരു നിശ്ചിത ദിവസം എല്ലാവർക്കും വേണ്ടി വിദ്യാരംഭം എന്ന പതിവില്ല ’’– കലക്ടർ പറഞ്ഞു.തൃശൂർ കലക്ടറായ വി.ആർ. കൃഷ്ണതേജ സിവിൽ സർവീസ് പരീക്ഷയിൽ 66–ാം റാങ്കോടെയാണു പാസായത്. കേരളത്തിൽ എത്തിയ ശേഷമാണു മലയാളം പഠിച്ചത്. മുണ്ട് ധരിച്ചതിനെക്കുറിച്ചു ചോദിച്ചപ്പോൾ ‘ഞാൻ മലയാളിയായല്ലോ’ എന്നായിരുന്നു പ്രതികരണം. 2015 ബാച്ചിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥനാണ്. മുൻപു തൃശൂരിൽ അസിസ്റ്റന്റ് കലക്ടറായിരുന്നു.
കോവിഡിൽ അനാഥരായ കുട്ടികൾക്കു പഠനസഹായം നൽകുന്ന പദ്ധതി, ആലപ്പുഴയിലെ സ്കൂളുകളിൽ നടപ്പാക്കിയ ‘ഒരുപിടി നന്മ’, തൃശൂരിലെ ‘ടുഗെദർ ഫോർ തൃശൂർ’ തുടങ്ങിയ വിദ്യാർഥി സൗഹൃദ സഹായ പദ്ധതികൾ നടപ്പാക്കിയ അദ്ദേഹത്തെ ‘കലക്ടർ മാമൻ’ എന്നാണു കുട്ടികൾ വിളിക്കുന്നത്.