ADVERTISEMENT

തൃശൂർ∙ ക്ഷേത്രങ്ങളിലെ വെടിക്കെട്ടു നിരോധിച്ച വിഷയം പരിഹരിക്കാൻ കാണിച്ച താൽപര്യം മന്ത്രിമാരായ കെ.രാധാകൃഷ്ണനും കെ.രാജനും പൂരത്തിന്റെ കാര്യത്തിലും കാണിക്കണമെന്നു പൂരപ്രേമികൾ. വെടിക്കെട്ടു നിരോധനത്തിൽ സർക്കാർ ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത് ഈ മന്ത്രിമാരുടെ ഇടപെടൽ കൊണ്ടാണ്. കോടതി വിധി വന്ന ഉടൻ പാറമേക്കാവ് ദേവസ്വം ഇവരുമായി ബന്ധപ്പെട്ടിരുന്നു. വെടിക്കെട്ടിന് അനുമതി നൽകിയ മുൻ കോടതി വിധികളുടെ  വിവരങ്ങളും ഇവർ നൽകി. ഇതേത്തുടർന്നാണു സർക്കാർ ഉടൻ ഹൈക്കോടതിയെ സമീപിച്ചത്. മാത്രമല്ല, ശബരിമല, തൃപ്രയാർ തുടങ്ങിയ ക്ഷേത്രങ്ങളിൽ വെടിവഴിപാട് വലിയ വരുമാന മാർഗവുമാണ്.

പൂരം എക്സിബിഷൻ കാര്യത്തിലും ഈ 2 മന്ത്രിമാരുടെയും സഹായം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ തേടിയിരുന്നു. എന്നാൽ ഇരുവരും കാര്യമായി പ്രതികരിച്ചില്ലെന്നാണ് ആക്ഷേപം. ദേവസ്വത്തെ നിയന്ത്രിക്കുന്നതു ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണനാണ്. മാത്രമല്ല കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് സിപിഎം നോമിനിയുമാണ്. പൂരം നടത്തിപ്പിനായുള്ള തുക ദേവസ്വങ്ങൾക്കു കിട്ടുന്നതു എക്സിബിഷനിലൂടെയാണ്. എക്സിബിഷൻ നടത്തുന്ന പൂരപ്പറമ്പിന്റെ വാടക 40 ലക്ഷത്തിൽനിന്നു കൊച്ചിൻ ദേവസ്വം ബോർഡ് 2.5 കോടി രൂപയാക്കി ഉയർത്തിയിരുന്നു. ഇതിനെതിരെ ഇരു ദേവസ്വങ്ങളും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

സിപിഎം പ്രതിനിധിയാണു വാടക കൂട്ടാൻ ആവശ്യപ്പെട്ടതും തിരക്കിട്ടു നടപ്പാക്കിയതും. കൊച്ചിൻ ദേവസ്വം ബോർഡുമായി സംസാരിച്ചു പ്രശ്നം പരിഹരിക്കണമെന്നു ഇരുദേവസ്വങ്ങളും ആവശ്യപ്പെട്ടിട്ടും രാധാകൃഷ്ണൻ മറുപടി നൽകിയിട്ടില്ല. രാധാകൃഷ്ണന്റെ വകുപ്പായതിനാൽ അദ്ദേഹം മുൻകൈ എടുത്താൽ സഹകരിക്കാമന്നാണു രാജന്റെ നിലപാട്. വെടിക്കെട്ടിൽ കാണിച്ച താൽപര്യം പൂരം തടസ്സമില്ലാതെ നടത്തുന്നതിലും ഇരുവരും കാണിക്കണമെന്നു ദേവസ്വങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com