ADVERTISEMENT

അരിമ്പൂർ ∙ മുംബൈ മാരത്തണിൽ പങ്കെടുത്തു വിജയിക്കണം, അതായിരുന്നു വിനോദിന്റെ സ്വപ്നം. ചെറുതും വലുതുമായി 150ലേറെ മാരത്തണുകൾ ഓടി സമ്മാനങ്ങൾ വാരിക്കൂട്ടിനൽകിയ തന്റെ കാലുകൾ മുംബൈയിലും വിജയം നേടിത്തരുമെന്നു വിനോദ് വിശ്വസിച്ചു. പക്ഷേ, ആ കാലുകളിലൊന്ന‍ിപ്പോൾ വിനോദിന്റെ കൂടെയില്ല. മുട്ടിനു മുകളിലൊരു മുഴയായി തെളിഞ്ഞ അർബുദം നിമിത്തം തുടയ്ക്കു താഴെ വച്ച് ഒരു കാൽ മുറിച്ചുനീക്കേണ്ടിവന്നത് 7 മാസം മുൻപാണ്. ജീവിതവും സ്വപ്നങ്ങളും വഴിമുട്ടിയെന്ന ബോധ്യത്തോടെ അന്നു വീട്ടിനുള്ളിൽ ഇരിപ്പായ വിനോദ് ഇതാ വീണ്ടും ‘ഓട്ടം’ തുടങ്ങാൻ പോകുന്നു. സന്നദ്ധ സംഘടന സമ്മാനിച്ച കൃത്രിമക്കാൽ ധരിച്ച്, ഇവർ നൽകിയ ഇലക്ട്രിക് ഓട്ടോറിക്ഷയിലാകും ഇനി വിനോദിന്റെ ഓട്ടം. 

ടൈൽ പണിയി‍ലൂടെയാണ് ഉപജീവനമെങ്കിലും അരിമ്പൂർ ഉദയനഗർ എടയ്ക്കാട്ടിൽ വിനോദ് (48) മൂന്നു പതിറ്റാണ്ടിലേറെയായി ഓട്ടക്കാരനാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ ഹ്രസ്വ ദൂര മത്സരങ്ങളിലായിരുന്നു തുടക്കമെങ്കിലും പിന്നീടു മാരത്തണുകളിലേക്കു മാറി. കൊച്ചി സ്പൈസ് കോസ്റ്റ് മാരത്തൺ അടക്കം ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക പ്രധാന ഹാഫ് മാരത്തണുകളിലും ചെറു മാരത്തണുകളിലും പങ്കെടുത്തു. കൊച്ചി മാരത്തണിൽ 40 വയസ്സിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ ഒരുവട്ടം രണ്ടാംസ്ഥാനത്തെത്താനും കഴിഞ്ഞു. ചെന്നൈ, ബെംഗളൂരു നഗരങ്ങളിൽ നടക്കുന്ന ഹാഫ് മാരത്തണുകളിൽ ഒരു പതിറ്റാണ്ടിലേറെയായി സ്ഥിരമായി പങ്കെടുക്കാറുണ്ട്. 

21 കിലോമീറ്റർ മാരത്തൺ 1.38 മണിക്കൂറ‍ിൽ ഫിനിഷ് ചെയ്തപ്പോഴാണു മുംബൈ മാരത്തണിൽ പങ്കെടുക്കാനാകും എന്ന ആത്മവിശ്വാസമായത്. ദിവസവും രാവിലെ ഇതിനായി ശ്രമം തുടങ്ങി. ആഴ്ചയിൽ 2 തവണ അരിമ്പൂരിൽ നിന്ന് ഓടി സ്വരാജ് റൗണ്ട് ചുറ്റി മടങ്ങിയെത്തുന്നതു പതിവാക്കി. ടൈൽ പണി മുടങ്ങാതെ ചെയ്തു ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ പോറ്റുകയും ചെയ്തു. എന്നാൽ, 7 മാസം മുൻപു വലതു കാലിൽ കണ്ട മുഴ പരിശോധിച്ചപ്പോൾ അർബുദമാണെന്നു കണ്ടെത്തി. 

തുടയെല്ലിനെ ബാധിച്ചതിനാൽ കാൽ മുറിച്ചുനീക്കേണ്ടിവന്നു. ജോലി ചെയ്യാനോ ഓടാനോ കഴിയില്ലെന്നു ബോധ്യം വന്നതോടെ മനസ്സും ശരീരവും തളർന്നു വീട്ടിലിരിപ്പായി. സുഹൃത്തുക്കളും നാട്ടുകാരും സഹായവുമായി പിന്നാലെ നിന്നു. ഒവിഎസ് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടന കൃത്രിമക്കാൽ സമ്മാനിച്ചതോടെ സ്വന്തം കാലിൽ നിൽക്കാനാകുമെന്ന ആത്മവിശ്വാസം വന്നു. പിന്നാലെ ഇതേ സംഘടന തന്നെ ഇലക്ട്രിക് ഓട്ടോയും സമ്മാനിച്ചു. കൈകൾ കൊണ്ടു നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിലാണ് ഓട്ടോയുടെ രൂപകൽപന എന്നതിനാൽ വണ്ടിയോടിച്ചു കിട്ടുന്ന വരുമാനമുപയോഗിച്ചു കുടുംബം നോക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണു വിനോദ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com