നെഗറ്റീവ് എനർജി പുറന്തള്ളാൻ ഓഫിസിൽ പ്രാർഥന; ഉദ്യോഗസ്ഥയ്ക്കു സസ്പെൻഷൻ
Mail This Article
തൃശൂർ ∙ ഓഫിസിലെ നെഗറ്റീവ് എനർജി പുറന്തള്ളാൻ ജില്ലാ ശിശുസംരക്ഷണ ഓഫിസിൽ പ്രാർഥന സംഘടിപ്പിച്ചതിനു ജില്ലാ വനിതാ–ശിശു സംരക്ഷണ ഓഫിസർ കെ.എ.ബിന്ദുവിനു സസ്പെൻഷൻ. വകുപ്പുതല അന്വേഷണത്തിനു പിന്നാലെയാണു നടപടി. ജനങ്ങൾക്കു സേവനം നൽകേണ്ട സർക്കാർ ഓഫിസിൽ പ്രവൃത്തി സമയം മതപരമായ പ്രാർഥന നടത്തുന്നതു ഗുരുതരമായ അച്ചടക്കം ലംഘനമാണെന്നു വനിതാ–ശിശുവികസന ഡയറക്ടർ അഫ്സാന പർവീണിന്റെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. ആരോപണം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് ഉത്തരവിട്ടതിനെത്തുടർന്ന് ഒരാഴ്ച മുൻപു ജില്ലാ വനിതാ ശിശുവികസന ഓഫിസർ പി.മീര ഓഫിസിൽ തെളിവെടുപ്പു നടത്തിയിരുന്നു.
പ്രാർഥന നടന്നെന്നും ബൈബിൾ വായിച്ചെന്നും ജീവനക്കാർ മൊഴി നൽകി. സെപ്റ്റംബർ 29നു ഓഫിസ് സമയം അവസാനിക്കുന്നതിന് അര മണിക്കൂർ മുൻപായിരുന്നു സംഭവം. വൈദിക വിദ്യാർഥി കൂടിയായ ചൈൽഡ് ലൈൻ പ്രവർത്തകനാണു പ്രാർഥനയ്ക്കു നേതൃത്വം നൽകിയത്. ഓഫിസിലെ ജീവനക്കാരെയും വിളിച്ചുകൂട്ടിയിരുന്നു.
പ്രാർഥിച്ചാൽ ഓഫിസിലെ പിരിമുറുക്കം ഇല്ലാതാകുമെന്നു പ്രാർഥനയ്ക്കു നേതൃത്വം നൽകിയ ആൾ പറഞ്ഞെന്നും ഓഫിസ് പ്രവൃത്തിസമയം കഴിഞ്ഞാണു പ്രാർഥന നടത്തിയതെന്നും ബിന്ദു നേരത്തേ പ്രതികരിച്ചിരുന്നു.ഓഫിസിലെ പ്രാർഥന വാർത്തയായതോടെ കലക്ടറും അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞദിവസം സബ് കലക്ടർ ജീവനക്കാരിൽ നിന്നു മൊഴിയെടുത്തു. ഈ റിപ്പോർട്ട് കലക്ടർക്കു സമർപ്പിക്കാനിരിക്കെയാണു വനിതാ–ശിശു സംരക്ഷണ വകുപ്പ് സസ്പെൻഷൻ ഉത്തരവിട്ടത്.