ADVERTISEMENT

പഴയന്നൂർ∙അമ്പലനടയ്ക്കു സമീപം അര നൂറ്റാണ്ടു കാലമായി പ്രവർത്തിക്കുന്ന ചെറിയൊരു പെട്ടിക്കടയുണ്ട്. തെക്കേത്തറ പിള്ളൈ നിവാസ് ഗോപിയാണ് (81) ഉടമ. ഒറ്റ നോട്ടത്തിൽ സവിശേഷതയൊന്നും തോന്നില്ലെങ്കിലും 2 പതിറ്റാണ്ടു കാലമായി മേഖലയിലെ വിദ്യാർഥികൾക്കു ഗോപിയേട്ടന്റെ കട പ്രിയപ്പെട്ടതാണ്. കേവലം 3 രൂപയ്ക്കു തണുപ്പിച്ച നാരങ്ങ വെള്ളം കിട്ടുമെന്നതാണു കടയെ കുട്ടികൾക്കു പ്രിയപ്പെട്ടതാക്കിയത്. 

ചെറുനാരങ്ങ കിലോഗ്രാമിന് 240 രൂപ വിലയായിരുന്നപ്പോഴും ഗോപിയുടെ കടയിൽ കുട്ടികൾക്കുള്ള നാരങ്ങ വെള്ളത്തിന്റെ വില 3 രൂപ തന്നെയായിരുന്നു. ഇപ്പോൾ 3 രൂപയുടെ നാരങ്ങ വെള്ളം ചോദിച്ചെത്തുന്ന മുതിർന്നവരോടും ഗോപി ഇല്ലെന്നു പറയാറില്ല. ലാഭം നോക്കിയല്ല, ദാഹിച്ചു വരുന്നവർക്കു വെള്ളം നൽകുന്നതെന്നും വേനൽക്കാലത്ത് 100 പേർ വരെ വെള്ളം കുടിക്കാനെത്താറുണ്ടെന്നും ഗോപി പറയുന്നു. പെട്ടിക്കടയിൽ 8 രൂപയ്ക്കു വൈകുന്നേരങ്ങളിൽ മാത്രം ലഭിക്കുന്ന ചുക്കുകാപ്പി നാട്ടിൽ പ്രസിദ്ധമാണ്.  ഗോപി വെറുമൊരു പെട്ടിക്കടക്കാരൻ മാത്രമല്ല, പഴയ ഒരു കലാകാരനും കൂടിയാണ്.

 യൗവന കാലത്ത് നാട്ടിലെ പ്രിയപ്പെട്ട നാടക നടനും രചയിതാവും സംവിധായകനുമൊക്കെയായിരുന്നു ഗോപി. ഒട്ടേറെ നാടകങ്ങൾ സംവിധാനം ചെയ്യുകയും പ്രധാന വേഷങ്ങൾ അഭിനയിക്കുകയും ചെയ്ത ഗോപി തന്നെയായിരുന്നു മിക്ക നാടകങ്ങളുടെയും മേക്ക് അപ്പും ചെയ്തിരുന്നത്.  അക്കാലത്തു നാട്ടിലുണ്ടായിരുന്ന നെഹ്റു തിയറ്റേഴ്സ് എന്ന നാടക ട്രൂപ്പിലെ പ്രധാനിയായിരുന്നു. താളപ്പിഴ,ചൊവ്വാപ്പിഴ,ഗ്രഹപ്പിഴ എന്നിങ്ങനെ ഒട്ടേറെ നാടകങ്ങളും എഴുതി സംവിധാനം ചെയ്തു. 6 വർഷം  മുൻപു ഛായാഗ്രഹണവും എഡിറ്റിങ്ങും പേരക്കുട്ടി വിമൽരാജിനെ കൊണ്ടു ചെയ്യിച്ച് ഗോപി തന്നെ രചനയും സംവിധാനവും ചെയ്ത് അഭിനയിച്ച വഴിയേ പോയ വയ്യാവേലി എന്ന ഹ്രസ്വചിത്രം നാട്ടിൽ വൈറലായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com