ഹലോ പൊലീസ് അങ്കിളേ, ദേ പാടം പറമ്പായി; വിദ്യാർഥി വിളിച്ചു, പിടിച്ചത് 7 ലോറിയും മണ്ണുമാന്തിയന്ത്രവും
Mail This Article
പുന്നയൂർക്കുളം ∙`പൊലീസ് അങ്കിളേ രാവിലെ സ്‌കൂളിലേക്കു പോയപ്പോൾ വെള്ളം നിറഞ്ഞ പാടമായിരുന്നു. സ്‌കൂൾവിട്ട് വരുമ്പോഴേക്കും ദേ മണ്ണിട്ട് നികത്തിയിരിക്കുന്നു`. വടക്കേകാട് എസ്എച്ച്ഒ അമൃത് രംഗനു ഇന്നലെ വൈകിട്ട് ലഭിച്ച ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ ഫോൺ കോളിനെ തുടർന്ന് പിടികൂടിയത് 7 ലോറിയും മണ്ണുമാന്തി യന്ത്രവും.
പുന്നയൂർ തെക്കിനിയേടത്തുപടി സ്‌കൂൾ കെട്ടിടം പൊളിക്കുന്ന അവശിഷ്ടം പഞ്ചവടിയിയിലെ കെട്ടിട നിർമാണ സ്ഥലത്തേക്ക് കൊണ്ടുപോകുന്നു എന്നാണ് പഞ്ചായത്തിൽ അറിയിച്ചിരുന്നത്. എന്നാൽ ഇതിന്റെ മറവിൽ എടക്കര മിനി സെന്ററിനു കിഴക്ക് വ്യക്തിയുടെ തണ്ണീർത്തടത്തിലേക്കാണ് അവശിഷ്ടങ്ങൾ അടിച്ചിരുന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ലോറികളും മണ്ണുമാന്തി യന്ത്രവും കയ്യോടെ പിടികൂടി. എസ്‌ഐ കെ.ബി.ജലീൽ, വിൻസെന്റ്, എഎസ്‌ഐ ഗോപി, സുധീർ, സിപിഒ മാരായ സുനിൽ കുമാർ, സതീഷ് ചന്ദ്രൻ, ദീപക്, അരുൺ, നിബു, രതീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. വണ്ടികൾ ഇന്ന് കോടതിയിൽ ഹാജരാക്കും.