ADVERTISEMENT

തൃശൂർ ∙ മാലിന്യ മുക്ത നഗരം എന്ന ലക്ഷ്യവുമായി കോർപറേഷൻ മുന്നോട്ടു പോകുമ്പോഴും ഡെങ്കിപ്പനി അടക്കമുള്ള പകർച്ചവ്യാധി ബാധിത ‘ഹോട്സ്പോട്ട്’ ആയി കോർപറേഷനിലെ വിവിധ പ്രദേശങ്ങൾ. മഴക്കാല പൂർവ ശുചീകരണം പല ഡിവിഷനുകളിലും ഫലപ്രദമായി നടന്നില്ലെന്നു മാത്രമല്ല കൊതുകു നശീകരണത്തിനുള്ള ഫോഗിങ് അടക്കമുള്ളവ നിലച്ച അവസ്ഥയിലാണ്.  അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി കാന നിർമാണങ്ങൾക്കു 30 കോടി രൂപ ചെലവഴിച്ചിട്ടും ഒറ്റ മഴയിൽ തൃശൂർ നഗരത്തിൽ റോഡുകളിലടക്കം വലിയ വെള്ളക്കെട്ടു രൂപപ്പെടുന്ന സ്ഥിതിയാണ്.ബുധൻ രാത്രി പെയ്ത കനത്ത മഴയിൽ സ്വരാജ് റൗണ്ട്, ഇക്കണ്ട വാരിയർ റോഡ്, ശക്തൻ ബസ് സ്റ്റാൻഡ് പരിസരം, കൊക്കാല, ടിബി റോഡ്, അശ്വിനി ആശുപത്രി പരിസരം തുടങ്ങിയ പ്രദേശങ്ങളിൽ വലിയ വെള്ളക്കെട്ടാണു രൂപപ്പെട്ടത്.

അശാസ്ത്രീയമായ കാന നിർമാണം കാരണം ചെറിയ കാനയിൽ നിന്നു വലുതിലേക്കും വലിയ കാനയിൽ നിന്നു തോടുകളിലേക്കും വെള്ളം ഒഴുകി എത്തുന്നില്ല. വെള്ളം കെട്ടിക്കിടന്നു കൊതുകു പെരുകുന്നതാണു പകർച്ച വ്യാധികൾ കോർപറേഷൻ പരിധിയിൽ കൂടാനുള്ള പ്രധാന കാരണം. കൃത്യമായ ഇടവേളകളിൽ കോർപറേഷൻ പരിധിയിൽ ഫോഗിങ് നടക്കാത്തതാണു തിരിച്ചടി.    നിലവിലുള്ള ഫോഗിങ് യന്ത്രങ്ങളിൽ ഭൂരിഭാഗവും തകരാറിലാണ്. പകർച്ചവ്യാധികൾ കൂടുതലുള്ള ഹോട്സ്പോട്ട് മേഖലകളിൽ ശാസ്ത്രീയ രീതിയിലുള്ള ഫോഗിങ് അടക്കമുള്ള കൃത്യമായ ശുചീകരണം നടത്തണമെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാണിക്കുന്നത്. കോടികളുടെ കാന നഗരത്തിലെ കാന നിർമാണത്തിന് എഡിബി ഫണ്ട് ഉപയോഗിച്ചും അമൃത് പദ്ധതി വഴിയും കോടിക്കണക്കിനു രൂപയാണ് ചെലവാക്കിയിട്ടുള്ളത്.

ഈ കാന നിർമാണങ്ങൾ അശാസ്ത്രീയമായ രീതിയിലാണെന്നു നേരത്തെ തന്നെ കോൺഗ്രസ് പ്രതിപക്ഷം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നു. അമൃത് പദ്ധതിയിൽ മാത്രം 3 വർഷം കൊണ്ടു 30 കോടി രൂപയുടെ കാന നിർമാണമാണു നഗരത്തിൽ അശാസ്ത്രീയമായി ചെയ്തതെന്നു പരാതിയുയർന്നിരുന്നു.  30 കോടി ചെലവഴിച്ചിട്ടും നഗരത്തിൽ ഇപ്പോഴും കനത്ത മഴയിൽ വെള്ളക്കെട്ടാണ്. മഴവെള്ളം കാനകളിലേക്ക് ഒഴുകിയെത്താനുള്ള സൗകര്യക്കുറവും ഒഴുക്കിനു തടസ്സമായുള്ള പൈപ്പുകളും കേബിളുകളും മാറ്റാതെയാണു കാനകൾ പണി പൂർത്തീകരിച്ചിട്ടുള്ളത്. നഗരത്തിലെ വെള്ളക്കെട്ടിനു കാരണമാകുന്ന പ്രശ്നങ്ങൾ കണ്ടെത്തി കോർപറേഷൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നു പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു മേയർക്ക് അദ്ദേഹം കത്തു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com