ഗൂഗിൾ മാപ്പ് നോക്കി സ്പിരിറ്റുമായി പോയി; പാലം ‘പണി’ കൊടുത്തു, കണ്ണൂർ സ്വദേശികൾ പിടിയിൽ
Mail This Article
ചാവക്കാട്∙ എടക്കഴിയൂരിൽ വൻ സ്പിരിറ്റ് വേട്ട. രണ്ട് പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. 43 കന്നാസുകളിലായി കൊണ്ടുപോയിരുന്ന 1376 ലീറ്റർ സ്പിരിറ്റും പിടികൂടി. വാഹനവും കസ്റ്റഡിയിലെടുത്തു. കണ്ണൂർ തളിപ്പറമ്പ് സ്വദേശികളായ മയൂർ പെരുംപുരയിൽ ലിനേഷ്(33), ചുഴലി കൂനം താഴത്തെപുരയിൽ നവീൻകുമാർ(34) എന്നിവരെയാണ് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ ടി.അനികുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
രാവിലെ ഏഴോടെയാണ് സംഭവം. പ്രതികൾ എടക്കഴിയൂർ വഴി സ്പിരിറ്റുമായി വാഹനത്തിൽ പോകുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് സംഘം പിന്തുടർന്നത്. ഇതിനിടെ എടക്കഴിയൂർ ചങ്ങാടം പാലം വഴി ഗുരുവായൂരിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെ പാലത്തിന്റെ മുകളിലെ ഇരുമ്പ് ഭാഗം മൂലം വാഹനത്തിന് കടക്കാൻ കഴിയാത്ത സ്ഥിതിയായി. പിക്കപ് വാഹനം അരികിലൊതുക്കി പാർക്ക് ചെയ്യുന്നതിനിടെ എക്സൈസ് സംഘമെത്തി പിടികൂടുകയായിരുന്നു. കർണാടകയിൽ നിന്നു ഗുരുവായൂർ ഭാഗത്തേക്ക് കൊണ്ടുവരികയായിരുന്നു സ്പിരിറ്റ്. ചകിരി നാരുകളിൽ പൊതിഞ്ഞാണ് കന്നാസുകൾ ഒളിപ്പിച്ചിരുന്നത്.
വാടാനപ്പള്ളി സർക്കിളിലെ എക്സൈസ് ഇൻസ്പെക്ടർ സി.എച്ച്.ഹരികുമാർ, ഉദ്യോഗസ്ഥരായ സി.യു.ഹരീഷ്, പി.എൽ.ജോസഫ്, എ.ബി.സുനിൽകുമാർ, ടി.ആർ.സുനിൽകുമാർ, റാഫി, ശ്യാം, റഫീഖ് , ടി.ആർ.മുകേഷ്, മധുസൂദനൻ നായർ, ഓഫിസർമാരായ സുനിൽകുമാർ, വിശാഖ്, സുബിൻ, അരുൺ, മുഹമ്മദലി, ബസന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഗൂഗിൾ മാപ്പിൽ വെട്ടിലായി സ്പിരിറ്റ് കടത്ത്
ഗൂഗിൾ മാപ്പ് നോക്കി സ്പിരിറ്റുമായി പോയ പ്രതികൾ കുടുങ്ങിയത് പാലത്തിന്റെ ഉയരം ഗൂഗിൾ മാപ്പിന് നിർണയിക്കാൻ കഴിയാത്തതിനാൽ. ഇവരുടെ വാഹനം പാലം കടക്കാനാകാതെ കുടുങ്ങുകയായിരുന്നു. മംഗലാപുരത്ത് നിന്നു തൃശൂരിലേക്ക് വൻതോതിൽ സ്പിരിറ്റ് എത്തുന്നതായി സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റിന് രഹസ്യവിവരം കിട്ടിയതിനെ തുടർന്ന് എക്സൈസ് സംഘവും പിന്നാലെ ഉണ്ടായിരുന്നു. സ്പിരിറ്റ് ആർക്ക് കൈമാറുന്നുവെന്ന് കണ്ടെത്തുന്നതിനുവേണ്ടിയാണ് എക്സൈസ് സംഘം പിന്തുടർന്നത്.
ഇതിനിടെ ചാവക്കാട് എടക്കഴിയൂരിലെത്തിയപ്പോൾ പ്രതികൾക്ക് വഴി തെറ്റി.ഗൂഗിൾ മാപ്പിട്ട് ഗുരുവായൂരിലേക്കു പോകാൻ ശ്രമിക്കവേ എടക്കഴിയൂർ പാലം കടക്കാനാകാതെ വാഹനം കുടുങ്ങി. തുടർന്ന് എക്സൈസ് സംഘം കയ്യോടെ പിടികൂടി.
ഗുരുവായൂരിലെ പാർക്കിങ് കേന്ദ്രത്തിൽ നിർത്തിയിടാനായിരുന്നു പ്രതികൾക്ക് ലഭിച്ചിരുന്ന നിർദേശം. അവിടെ നിന്നു വാഹനം മാഫിയ സംഘത്തിലെ വേറെ ആളുകളെത്തി കൊണ്ടുപോകാനായിരുന്നു തീരുമാനം. മാഫിയ സംഘത്തിലെ പ്രധാനികളെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സംഘം.