സ്റ്റാർട്ടറുകൾ എത്തിയില്ല: പമ്പിങ് തുടങ്ങാനായില്ല; മുടങ്ങിയത് പഴഞ്ഞി സംഘത്തിന്റെ ബണ്ട് തകർന്ന ഭാഗത്തെ പമ്പിങ്
Mail This Article
കാട്ടകാമ്പാൽ∙പഴഞ്ഞി കൂട്ടുകൃഷി സഹകരണ സംഘത്തിന്റെ ബണ്ടു തകർന്ന ഭാഗത്തെ പമ്പിങ് തുടങ്ങാനായില്ല. പുതിയ സ്റ്റാർട്ടർ എത്താൻ വൈകുന്നതാണ് പമ്പിങ് വൈകാൻ കാരണം. പഴയ സ്റ്റാർട്ടറുകൾ വെള്ളത്തിൽ വീണു കേടു പറ്റിയിരുന്നു. വെള്ളത്തിന്റെ കുത്തൊഴുക്കിൽ പാടത്തേക്ക് വീണ ട്രാൻസ്ഫോമർ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കരയ്ക്ക് കയറ്റി. കെഎസ്ഇബി അധികൃതർ പുതിയ ട്രാൻസ്ഫോമർ തോട്ടുവരമ്പിൽ സ്ഥാപിച്ചിട്ടുണ്ട്.
സ്റ്റാർട്ടറുകളുടെ കേബിളുകൾ വെള്ളത്തിൽ നഷ്ടപ്പെട്ടതും കർഷകർക്ക് തിരിച്ചടിയായി. മീറ്ററിന് 5000 രൂപ വിലയുള്ള വൈദ്യുത കേബിളുകളാണ് നഷ്ടപ്പെട്ടത്. ഒരു സബ്മേഴ്സിബിൾ പമ്പിന്റെ 20 മീറ്ററോളം കേബിളുകൾ വെള്ളത്തിൽ നിന്ന് ലഭിച്ചു. സ്റ്റാർട്ടർ ലഭിച്ചാൽ ഇവ ഉപയോഗിച്ച് ഒരു പമ്പ് പ്രവർത്തിപ്പിക്കാനാകുമെന്നാണ് കർഷകരുടെ പ്രതീക്ഷ.
കണക്‌ഷൻ നൽകാനായി മോട്ടർപുര പമ്പിന്റെ സമീപത്തേക്ക് കർഷകർ മാറ്റി പണിതു. 40 മീറ്റർ കേബിളുകൾ കൂടി ലഭ്യമായാലേ മറ്റൊരു സബ്മേഴ്സിബിൾ പമ്പ് കൂടി പ്രവർത്തിപ്പിക്കാനാകൂ. പമ്പിങ് വൈകിയാൽ കൃഷിയിറക്കൽ വൈകുമോയെന്ന ആശങ്കയും കർഷകർക്കുണ്ട്. 60 എച്ച്പിയുടെ 2 സബ്മേഴ്സിബിൾ പമ്പ് ഉപയോഗിച്ച് ഒരു മാസം പമ്പിങ് നടത്തിയാലേ പാടത്തെ വെള്ളക്കെട്ട് മാറി കൃഷിയിറക്കാനാകൂ. സ്റ്റാർട്ടറുകളും കേബിളും ലഭ്യമാക്കാൻ അടിയന്തര നടപടിയെടുക്കണമെന്നാണ് കർഷകരുടെ ആവശ്യം.