പൂജയുടെ പേരിൽ ആഭരണം തട്ടിയ കേസിൽ അറസ്റ്റ്
Mail This Article
മാള ∙ പൂജ ചെയ്തു ദോഷം മാറ്റാമെന്നു തെറ്റിദ്ധരിപ്പിച്ചു പുത്തൻചിറ മങ്കിടി ചിറവട്ടായി ഓമനയുടെ ആഭരണങ്ങൾ തട്ടിയ കേസിൽ കൊടകര സ്വദേശി കക്കാട്ടിൽ ഉണ്ണിയെ (57) പൊലീസ് അറസ്റ്റ് ചെയ്തു.ഏതാനും ദിവസം മുൻപ് കൈനോട്ടക്കാരനെന്ന മട്ടിൽ ഓമനയുടെ വീട്ടിലെത്തിയ ഉണ്ണി, കഴിഞ്ഞ വെള്ളിയാഴ്ച വീണ്ടുമെത്തി ദോഷങ്ങൾ മാറ്റാമെന്നു പറഞ്ഞ് ആഭരണങ്ങൾ തട്ടുകയായിരുന്നു.
മഞ്ഞൾ, മണ്ണ്, വെള്ളം എന്നിവ തളികയിലെടുത്ത് അതിൽ ഓമനയുടെ ആഭരണങ്ങൾ വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. ആറേമുക്കാൽ പവന്റെ ആഭരണമുണ്ടായിരുന്നു. ഇവ ചോറ്റാനിക്കരയിൽ കൊണ്ടുപോയി പൂജിച്ച് കൊണ്ടുവരാമെന്നു വിശ്വസിപ്പിച്ചു. പറഞ്ഞ സമയത്ത് എത്താതായതോടെയാണ് തട്ടിപ്പു ബോധ്യപ്പെട്ടത്.
ഡിവൈഎസ്പി ടി.കെ.ഷൈജുവിന്റെ നിർദേശപ്രകാരം സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തി. സിസിടിവി പരിശോധനയിൽ ചിത്രം ലഭിച്ചതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ കൊടകര ഭാഗത്തുനിന്ന് പ്രതിയെ കണ്ടെത്തി മാള എസ്ഐ സി.കെ.സുരേഷ് അറസ്റ്റ് ചെയ്തു. ആഭരണങ്ങൾ കണ്ടെടുത്തു.
എസ്ഐ പി.ജയകൃഷ്ണൻ, എഎസ്ഐ നജീബ് ബാവ, ടി.ആർ.ഷൈൻ, സീനിയർ സിപിഒമാരായ സൂരജ് വി.ദേവ്, മിഥുൻ ആർ.കൃഷ്ണ, ഇ.എസ്. ജീവൻ, കെ.എസ്.സുമേഷ്, സോണി സേവ്യർ, എം.സി.മനോജ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ കെ.എ. ഹബീബ് എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.