ഗുരുവായൂർ ക്ഷേത്രത്തിലെ അഗ്നിബാധയ്ക്ക് 53 വയസ്സ്
Mail This Article
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ വൻ അഗ്നിബാധയുണ്ടായിട്ട് ഇന്നേക്ക് 53 വർഷം തികയുന്നു. 1970 നവംബർ 29ന് പൊലീസ് ഏകാദശിവിളക്കു കഴിഞ്ഞ് രാത്രി നട അടച്ചശേഷം പുലർച്ചെ 1.30ഓടെയാണ് തീപിടിത്തം പുറംലോകമറിഞ്ഞത്. ചുറ്റമ്പലത്തിന്റെ തെക്കുപടിഞ്ഞാറു ഭാഗത്തുനിന്ന് തീ കിഴക്കും പടിഞ്ഞാറും ഭാഗത്തേക്ക് അതിവേഗം പടർന്നു.
ക്ഷേത്രത്തിൽ കൂട്ടമണി അടിച്ചു. ഓടി എത്തിയവർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അഗ്നി ശ്രീകോവിലിനെ ബാധിക്കുമെന്ന് ആശങ്കയായതോടെ വിഗ്രഹം കൂത്തമ്പലത്തിലേക്കും പിന്നീട് തന്ത്രിമഠത്തിലേക്കും മാറ്റി. തൃശൂർ, പൊന്നാനി, കോഴിക്കോട് നഗരങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയെത്തി രാവിലെ ആറരയോടെ തീ കെടുത്തി. ചെമ്പുമേഞ്ഞ ചുറ്റമ്പലത്തിന്റെ കിഴക്കുഭാഗം ഒഴികെ കത്തി നശിച്ചു.
ശ്രീകോവിലിനെ അഗ്നി ബാധിച്ചില്ല. 30ന് രാവിലെ 10.30ഓടെ ഗുരുവായൂരപ്പന്റെ വിഗ്രഹവും ഉപദേവ വിഗ്രഹങ്ങളും പുനഃപ്രതിഷ്ഠിച്ച് പൂജ തുടങ്ങി. ക്ഷേത്ര പുനരുദ്ധാരണത്തിനായി കെ.കേളപ്പൻ ചെയർമാനായി കമ്മിറ്റി രൂപീകരിച്ചു. 1971 മാർച്ച് 10ന് സാമൂതിരിയുടെ കയ്യിൽനിന്ന് ക്ഷേത്രം സർക്കാർ ഏറ്റെടുത്തു. 1975ൽ പുനർനിർമാണം പൂർത്തിയായി.