പെട്രോൾ പമ്പിന് മുന്നിൽ ശബരിമല തീർഥാടകരുടെ ബസിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം
Mail This Article
ഗുരുവായൂർ ∙ തമിഴ്നാട്ടിലെ സേലം എടപ്പാടിയിൽനിന്ന് 7 കുട്ടികൾ അടക്കം അൻപതോളം ശബരിമല തീർഥാടകരുമായി എത്തിയ ബസിന് ഇന്നലെ പുലർച്ചെ 5ന് കിഴക്കേനട പെട്രോൾ പമ്പിനു മുന്നിൽ തീ പിടിച്ചു. റെയിൽവേ മേൽപാലം ഇറങ്ങി വരികയായിരുന്ന ബസ് പെട്ടെന്ന് ഓഫ് ആവുകയും മുൻഭാഗത്ത് തീ ഉയരുകയുമായിരുന്നു. ഡ്രൈവറുടെ സീറ്റ് കത്തിനശിച്ചു. അഗ്നിരക്ഷാസേന എത്തുന്നതിന് മുൻപു തന്നെ പമ്പിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ കെടുത്തി.
വിശ്രമ സ്ഥലങ്ങളിൽ ഭക്ഷണം പാകം ചെയ്യാനായി ബസിൽ 2 പാചകവാതക സിലിണ്ടറുകൾ ഉണ്ടായിരുന്നു. ബസിന്റെ ഡീസൽ പമ്പ് പൊട്ടിയെങ്കിലും അവിടേക്ക് തീ പടർന്നില്ല. പെട്രോൾ പമ്പിന്റെ തൊട്ടുമുന്നിൽ വച്ചാണ് തീ പടർന്നതെങ്കിലും ഉടൻ കെടുത്താനായതു കൊണ്ട് വൻ ദുരന്തം ഒഴിവായി. സെൽഫ് മോട്ടറിലെ ഷോർട് സർക്യൂട്ട് ആകാം തീ പിടിക്കാൻ കാരണമെന്നു കരുതുന്നതായി ഡ്രൈവർ പറഞ്ഞു.