ഇനി വായിച്ചു നടക്കാം; 'സ്ട്രീറ്റ് ലൈബ്രറി’കൾ തുറന്നു
Mail This Article
തൃശൂർ ∙ യുനെസ്കോ ലേണിങ് സിറ്റി പദ്ധതിയുടെ ഭാഗമായി കോർപറേഷന്റെ എംഒ റോഡിലെ ഓഫിസ് കവാടത്തിനു സമീപം ‘സ്ട്രീറ്റ് ലൈബ്രറി’കൾ തുറന്നു. വായന സംസ്കാരം വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമാണു ചെറു തെരുവോര വായനശാലകൾ സ്ഥാപിച്ചത്. ലൈബ്രറിയിൽ നിന്ന് ആർക്കും പുസ്തകങ്ങളെടുത്തു വായിക്കാം, ആവശ്യമെങ്കിൽ വീട്ടിൽ കൊണ്ടുപോകാം. എന്നാൽ വായിച്ച ശേഷം പുസ്തകങ്ങൾ തിരികെ ഇതേ ലൈബ്രറികളിൽ വയ്ക്കണം. വായനക്കാരൻ തന്നെയാണു സൂക്ഷിപ്പുകാരനും ലൈബ്രേറിയനും. നിലവിൽ വായനശാലകൾക്കു സമയക്രമീകരണം ഏർപ്പെടുത്തിയിട്ടില്ല. അടുത്ത ഘട്ടത്തിൽ പുസ്തകങ്ങളെടുത്തു 15 ദിവസത്തിനകം തിരികെ വയ്ക്കാവുന്ന തരത്തിൽ വീടിന്റെ വിലാസം രേഖപ്പെടുത്തുന്ന ക്യുആർ കോഡ് സംവിധാനം ലൈബ്രറികളിൽ സ്ഥാപിക്കും.
നഗരത്തിലെ വടക്കേ സ്റ്റാൻഡ്, രാമവർമ പാർക്ക്, നെഹ്റു പാർക്ക് എന്നിവിടങ്ങളിലും സ്വരാജ് റൗണ്ടിലെ സൗകര്യപ്രദമായ ഒരിടത്തും സമാന ലൈബ്രറികൾ സ്ഥാപിക്കാൻ കോർപറേഷൻ ലക്ഷ്യമിടുന്നുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം യുനെസ്കോയുടെ കീഴിൽ ഡൽഹിയിൽ പ്രവർത്തിക്കുന്ന മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ ഫോർ പീസ് ഓഫ് സസ്റ്റെയ്നബിൾ ഡവലപ്മെന്റിലെ സീനിയർ പ്രോഗ്രാം ഓഫിസർ അമാര മാർട്ടിനൻസ് നിർവഹിച്ചു. മേയർ എം.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. ഡപ്യൂട്ടി മേയർ എം.എൽ. റോസി, വിവിധ വികസനകാര്യ സമിതി അധ്യക്ഷരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, സാറാമ്മാ റോബ്സൺ, കരോളിൻ പെരിഞ്ചേരി, കില അർബൻ ചെയർ ഡോ. അജിത് കാളിയത്ത്, ലേണിങ് സിറ്റി അപക്സ് കമ്മിറ്റി അംഗങ്ങളായ അഡ്വ.അനീസ് അഹമ്മദ്, അഡ്വ.വില്ലി ജിജോ, എ.ആർ. രാഹുൽനാഥ്, സുബി സുകുമാർ, കോർപറേഷൻ സെക്രട്ടറി വി.പി. ഷിബു തുടങ്ങിയവർ പ്രസംഗിച്ചു.