പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് ടൈൽ നിർമിച്ച് എൻജിനീയറിങ് വിദ്യാർഥികൾ
Mail This Article
പെരുമ്പിലാവ് ∙ പ്ലാസ്റ്റിക് മാലിന്യവും പാഴായ തുണികളും ഉപയോഗിച്ചു ഭംഗിയുള്ള ടൈൽ നിർമിച്ച് അക്കിക്കാവ് റോയൽ എൻജിനീയറിങ് കോളജിലെ വിദ്യാർഥികൾ. അവസാന വർഷ സിവിൽ എൻജിനീയറിങ് വിദ്യാർഥികളായ ഷമീമ മുംതാസ്, പി.കെ.ഷഹാന എന്നിവരാണു പാഴ്‌വസ്തുക്കൾ കൊണ്ടു ഡിസൈനർ ടൈലുകൾ നിർമിച്ചത്. പ്ലാസ്റ്റിക്കും തുണിയും ചകിരിനാരുകളും 3 തട്ടായി സംയോജിപ്പിച്ചാണു ടൈലിനു രൂപം കൊടുത്തിരിക്കുന്നത്. ബലം കൂട്ടാനും ഭംഗിക്കുമാണു ചകിരിനാര് ഉപയോഗിച്ചത്. പ്ലാസ്റ്റിക് മാത്രം ഉപയോഗിച്ചും തുണി മാത്രം ഉപയോഗിച്ചും ടൈൽ നിർമിക്കാനുള്ള ശ്രമങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും ഇവ രണ്ടും ചേർത്തുള്ള പരീക്ഷണം ആദ്യമായാണെന്നു പദ്ധതിയുടെ മേൽനോട്ടം വഹിക്കുന്ന വകുപ്പ് മേധാവി ഡോ. എസ്.ഷാനവാസ് പറഞ്ഞു. മറ്റു ടൈലുകൾക്കു സമാനമായ രൂപഭംഗിയും ഉറപ്പും ഉണ്ട് എന്നതാണ് ഇതിന്റെ സവിശേഷത. ചെലവും കുറവാണ്.