കൈ പിടിച്ചുതിരിച്ചു, ഫോൺ പിടിച്ചുവാങ്ങി; ഹരിത കർമസേനാംഗത്തെ മർദിച്ച വീട്ടുടമയ്ക്കെതിരെ പരാതി
Mail This Article
ഇരിങ്ങാലക്കുട∙ഗാർഹിക മാലിന്യം ശേഖരിക്കാൻ എത്തിയ ഹരിത കർമസേനാംഗത്തെ വീട്ടുടമ മർദിച്ചതായി പരാതി. വിഷയത്തിൽ പൊലീസിനു പരാതി നൽകിയെങ്കിലും സ്റ്റേഷനിൽ വിളിച്ചുവരുത്തി നിർബന്ധിച്ച് പണം നൽകി ഒത്തുതീർപ്പാക്കിയെന്നും പിന്നീട് നഗരസഭാ കൗൺസിലർമാർ ഇടപെട്ടതോടെയാണ് കേസ് എടുത്തതെന്നും ഹരിതസേനാംഗം കരുവന്നൂർ സ്വദേശി പെരുമ്പുള്ളി വീട്ടിൽ ട്രീസ(50) പറഞ്ഞു. അഞ്ചാം വാർഡിൽ തേലപ്പിള്ളി മേഖലയില വീടുകളിൽനിന്നു മാലിന്യം ശേഖരിക്കാൻ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്ന് അവർ പറഞ്ഞു.
ഹരിത കർമസേനയിലെ 16 അംഗ സംഘത്തിനായിരുന്നു ഈ മേഖലയിൽനിന്നു മാലിന്യം ശേഖരിക്കാനുള്ള ചുമതല. സംഘം വീട്ടിൽ കയറിയപ്പോൾ, വീട്ടുടമ ചോദ്യം ചെയ്തെന്നും മറുപടി പറഞ്ഞിട്ട്, ചുമരിൽ പതിച്ച ക്യുആർ കോഡ് സ്‌കാൻ ചെയ്യാൻ ശ്രമിച്ചപ്പോൾ ട്രീസയുടെ കൈ പിടിച്ചുതിരിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തെന്ന് അവർ പറഞ്ഞു.
ഇരിങ്ങാലക്കുട പൊലീസ് സ്‌റ്റേഷനിൽ നഗരസഭാ ഹെൽത്ത് ഉദ്യോഗസ്ഥർക്കും വാർഡ് കൗൺസിലർക്കും ഒപ്പമെത്തി ട്രീസ പരാതി നൽകി. പൊലീസ് വീട്ടുടമയെ വിളിച്ചുവരുത്തി സംസാരിച്ച് ഒത്തുതീർപ്പ് ആക്കി ഒപ്പുവയ്പിച്ചെന്നും വീട്ടുടമയ്ക്ക് ഒപ്പം വന്ന ആൾ പണം നിർബന്ധിച്ചു തന്നെന്നും ട്രീസ പറഞ്ഞു. വലതു കൈയിനു പരുക്കേറ്റ ട്രീസ പിന്നീട് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവം അറിഞ്ഞ മറ്റു കൗൺസിലർമാർ കൂടി ഇടപെട്ടതോടെ വീട്ടുടമയ്ക്കെതിരെ പൊലീസ് കേസ് എടുത്തു.