ADVERTISEMENT

എരുമപ്പെട്ടി∙ നെല്ലുവായ് ധന്വന്തരി ക്ഷേത്രത്തിലെ പ്രസിദ്ധമായ വൈകുണ്ഠ(സ്വർഗവാതിൽ) ഏകാദശി ആഘോഷത്തിനു വൻ ഭക്തജനത്തിരക്ക്. ആയുർവേദത്തിന്റെ അധിദേവനായ ധന്വന്തരി മൂർത്തിയെ ഏകാദശി ദിനത്തിൽ ദർശിക്കാനും പ്രധാന വഴിപാടായ മുക്കുടി സേവിക്കുന്നതിനുമായി ഒട്ടേറെ ആയുർവേദ വൈദ്യന്മാരും മാറാരോഗങ്ങളാൽ ദുരിതമനുഭവിക്കുന്നവരുമാണ് ക്ഷേത്രത്തിലെത്തിയത്. പുലർച്ചെ നിർമാല്യ ദർശനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ക്ഷേത്രം തന്ത്രി കീഴ്‌‌‌‌‌മുണ്ടയൂർ നീലകണ്ഠൻ നമ്പൂതിരി, മേൽശാന്തി പള്ളിശ്ശേരി മധുസൂധനൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്കും പൂജകൾക്കും മുഖ്യകാർമികത്വം വഹിച്ചു. ഗീതാപാരായണം, നാരായണീയപാരായണം, സ്തോത്രപഞ്ചാശിക പരായണം എന്നിവയ്ക്കു ശേഷം നടന്ന ഭക്തിപ്രഭാഷണത്തിന് ടി.എസ്.മായാദാസ് നേതൃത്വം നൽകി. ഏകാദശി ആഘോഷത്തോടനുബന്ധിച്ച് 5 ദിവസങ്ങളിലായി നടന്ന 38ാമത് ധന്വന്തരി സംഗീതോത്സവം പ്രമുഖ സംഗീതജ്ഞർ പങ്കെടുത്ത പഞ്ചരത്ന കീർത്തനാലാപനത്തോടെ സമാപിച്ചു. കൊല്ലം ജി.എസ്.മുരളി, ഗുരുവായൂർ മണികണ്ഠൻ, പയ്യന്നൂർ കെ.വി.ജഗദീഷ്, ഡോ.ശ്രീദേവി അങ്ങാടിപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി. 

ഏകാദശി പ്രസാദമൂട്ടിന് വൻ തിരക്കായിരുന്നു. പാളപാത്രങ്ങളില്‍ ഗോതമ്പു ചോറും രസകാളനും  പുഴുക്കുമാണ് ഉൗട്ടിന് വിളമ്പിയത്. 15000ത്തോളം പേര്‍ ഉൗട്ടില്‍ പങ്കെടുത്തു. ഉച്ചയ്ക്കു നടന്ന കാഴ്ചശീവേലി എഴുന്നള്ളിപ്പിൽ വലിയപുരയ്ക്കൽ സൂര്യൻ ഭഗവാന്റെ തിടമ്പേറ്റി. തുടർന്ന്  60 വാദ്യകലാകാരന്മാർ അണിനിരന്ന പഞ്ചവാദ്യത്തിൽ തിമിലയിൽ ചോറ്റാനിക്കര നന്ദപ്പൻ മാരാർ‍, മദ്ദളത്തിൽ കല്ലേക്കുളങ്ങര കൃഷ്ണവാരിയർ, ഇലത്താളത്തിൽ ചേലക്കര സൂര്യൻ, കൊമ്പ് മച്ചാട് ഉണ്ണി നായരും ഇടയ്ക്കയിൽ പാറമേക്കാവ് ജയശങ്കറും പ്രമാണക്കാരായി. തുടർന്ന് മേളവും നടന്നു. സന്ധ്യയ്ക്ക് ക്ഷേത്രത്തിൽ ദീപാരാധന, സ്പെഷൽ നാഗസ്വരം, രാത്രി 7ന് പാലക്കാട് നാദവൈഖരി മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിൽ ഭക്തിഗാനമേളയും രാത്രി വിളക്കിനെഴുന്നള്ളിപ്പ്, തായമ്പക, തുടർന്ന് കേളി, കൊമ്പ് പറ്റ്, കുഴൽ പറ്റ്, പഞ്ചവാദ്യം, മേളം, ഡബിൾ തായമ്പക, നാഗസ്വരക്കച്ചേരി എന്നിവയും നടന്നു. ഇന്ന് രാവിലെ ക്ഷേത്രത്തിൽ നടക്കുന്ന ദ്വാദശി പണം  സ്വീകരിക്കൽ, ദ്വാദശി ഉൗട്ട് എന്നിവയോടെ ഏകാദശി ചടങ്ങുകൾക്ക് സമാപനമാകും. നെല്ലുവായ് ദേവസ്വം ഓഫിസർ പി.ബി.ബിജു, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കലാമണ്ഡലം നാരായണൻ നായർ, സെക്രട്ടറി  കെ.എസ്.ഗോപിനാഥൻ, ഭാരവാഹികളായ ടി.കെ.ശിവൻ, കെ.എസ്.സേതുമാധവൻ, പി.സി.അബാൽമണി തുടങ്ങിയവർ ഏകാദശി ആഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com