മോദിയുടെ സന്ദർശനം; ഫ്ലെക്സ് ബോർഡുകൾ അഴിപ്പിച്ച് കോർപറേഷൻ, തിരികെ വയ്പ്പിച്ചു ബിജെപി
Mail This Article
തൃശൂർ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു മുന്നോടിയായി നഗരത്തിൽ ബിജെപി സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളും കൊടികളും കോർപറേഷൻ അഴിപ്പിച്ചതിനെച്ചൊല്ലി തർക്കവും സംഘർഷവും. ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകർ സംഘടിച്ചെത്തി കോർപറേഷന്റെ ലോറിയിൽ കയറി ബോർഡുകളും കൊടികളും തിരിച്ചെടുത്തു ജീവനക്കാരെക്കൊണ്ടു തിരികെവയ്പ്പിച്ചു.
നഗരത്തിന്റെ മുക്കിലും മൂലയിലും റോഡരികുകളിൽ നവകേരള സദസ്സിന്റെ ബോർഡുകൾ 10 ദിവസത്തിലേറെ അപകടഭീഷണിയായി നിന്നിട്ടും എടുത്തുമാറ്റാത്ത കോർപറേഷൻ, രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായാണു ബിജെപിയുടെ ബോർഡുകൾ നീക്കിയതെന്ന് അനീഷ് കുമാർ ആരോപിച്ചു. പൊലീസ് കമ്മിഷണറുടെ പ്രത്യേക നിർദേശപ്രകാരമാണു ബോർഡ് നീക്കാൻ ശ്രമിച്ചതെന്നു മേയർ എം.കെ.വർഗീസ് പറഞ്ഞു.
ഇന്നലെ രാവിലെ തെക്കേഗോപുരനടയ്ക്കു സമീപമാണു സംഭവം. ബോർഡുകളും കൊടികളും ഗതാഗത തടസ്സം സൃഷ്ടിക്കുന്നെന്നു പറഞ്ഞു ജീവനക്കാർ കോർപറേഷന്റെ ലോറിയിലെത്തിയാണു ബോർഡുകളും കൊടികളും അഴിച്ചുനീക്കാൻ തുടങ്ങിയത്. അരഡസനോളം ബോർഡുകളും ഒട്ടേറെ കൊടികളും വണ്ടിയിൽ കയറ്റിയതിനു പിന്നാലെ ബിജെപി പ്രവർത്തകർ സംഘടിച്ചെത്തി ജീവനക്കാരെ തടഞ്ഞു. തങ്ങൾക്കു ലഭിച്ച നിർദേശമനുസരിച്ചാണു കൊടിതോരണങ്ങൾ നീക്കുന്നതെന്നു പറഞ്ഞു ജീവനക്കാർ പ്രതിരോധിക്കാൻ ശ്രമിച്ചതോടെ സംഘർഷാന്തരീക്ഷമായി.
ബിജെപി വനിതാ നേതാക്കൾ ലോറിക്കു മുകളിൽ കയറി ബോർഡുകളും കൊടികളും തിരിച്ചിറക്കി. കൂടുതൽ സംഘർഷത്തിലേക്കു വളരാനുള്ള സാധ്യത തിരിച്ചറിഞ്ഞതോടെ ജീവനക്കാർ തന്നെ ബോർഡുകളും കൊടികളും തിരികെ സ്ഥാപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു നേതാക്കളും പ്രവർത്തകരും കൗൺസിലർമാരുടെ നേതൃത്വത്തിൽ കോർപറേഷൻ ഓഫിസിലേക്കു മാർച്ച് നടത്തി. കോർപറേഷന്റെ മുന്നിലെ ഗേറ്റിൽ കൊടികളും ബോർഡും കെട്ടി പ്രതിഷേധിക്കുകയും ചെയ്തു.
ബോർഡുകൾ സ്ഥാപിക്കാൻ അനുവാദം കൊടുക്കാനും നീക്കം ചെയ്യാനും കോർപറേഷനു പ്രത്യേക കമ്മിറ്റിയുണ്ടെങ്കിലും പ്രധാനമന്ത്രിയുടെ സന്ദർശന ബോർഡുകൾ നാളെ വരെ നീക്കംചെയ്യരുതെന്നു താൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നതായി മേയർ പറഞ്ഞു.
എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റു മേലധികാരികളുടേയും നിർദേശപ്രകാരം കമ്മിഷണർ അറിയിച്ചതനുസരിച്ചു ബോർഡ് നീക്കംചെയ്യാനാണു കോർപറേഷൻ ജീവനക്കാർ ശ്രമിച്ചത്. കോർപറേഷനാണ് ഇതിനു പിന്നിലെന്നു പ്രചരിപ്പിക്കുന്നത് അവാസ്തവമാണെന്നും മേയർ പറഞ്ഞു.