ലയിക്കാം തകിൽമേളത്തിൽ; ഓർക്കുക ഭാസ്കരന് വീടുവേണം
Mail This Article
ചാവക്കാട് ∙ അൻപത് വർഷത്തിലേറെയായി ഭാസ്കരൻ തകിൽ വാദനം തുടങ്ങിയിട്ട്. 17 –ാം വയസ്സിൽ നാഗസ്വരത്തിൽ തകിലു കൊട്ടാനാരംഭിച്ച ഇദ്ദേഹം തൃശൂർ പൂരത്തിലടക്കം എത്രയോ ഉത്സവവേദികളിൽ കൊട്ടിക്കയറിയിരിക്കുന്നു. സ്വദേശത്തും വിദേശത്തുമായി ഒരുപാട് വേദികൾ. എഴുപതാം വയസ്സിൽ എത്തിനിൽക്കുമ്പോൾ ഭാസ്കരനൊരു സങ്കടമുണ്ട്. കയറിക്കിടക്കാൻ നല്ലൊരു വീടില്ല. പ്രളയജലം മുക്കിക്കളഞ്ഞ വീടിനു പകരമൊന്ന്.
ഒരുമനയൂർ വടുക്കുംപുറത്ത് ഭാസ്കരൻ എന്ന ഗ്രാമീണ കലാകാരൻ ആദ്യമായി തകിൽവായിക്കുന്നത് ബ്ലാങ്ങാട് കല്ലുങ്ങൽ അമ്മ ഭഗവതി ക്ഷേത്രം ഉത്സവത്തിന്. ഭാസ്കരന്റെ ജ്യേഷ്ഠൻ ഒ.എ.മോഹനൻ നാഗസ്വര വിദ്വാനായിരുന്നു. തകിൽ വാദനത്തിന് മോഹനനോടൊപ്പമുളള കലാകാരൻ മുടങ്ങുന്നത് പതിവായതോടെ അനുജൻ ഭാസ്കരനെ തകിൽ പഠിപ്പാക്കാമെന്നായി മോഹനൻ.
തമിഴ്നാട്ടിലെ പഴനിയിൽ തകിൽ പഠിക്കാനായി കൊണ്ടുപോയി. 7 മാസം അവിടെ പഠനം. പിന്നീട് തൃശൂർ രാമൻ നമ്പ്യാർ, കണിമംഗലം ഗോപാലൻ, കൊടകര അപ്പുക്കുട്ടൻനായർ തുടങ്ങിയവരിൽനിന്ന് അഭ്യസിച്ചു. ഉത്സവങ്ങളിലും ആഘോഷവേളകളിലും ഭാസ്കരൻ ആസ്വാദകർക്ക് ആവേശമായി. 22 വർഷമായി വല്ലഭട്ട കളരിസംഘത്തോടൊപ്പം തകിൽവാദനം നടത്താനായത് ഭാഗ്യമാണെന്ന് ഭാസ്കരൻ പറയുന്നു. ഫ്രാൻസിലും ഒമാനിലുമടക്കം തകിൽ വായിച്ചു.
തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിനു വേണ്ടിയും പെരുവനം, ആറാട്ടുപുഴ പൂരം എന്നിവിടങ്ങളിലും ഭാസ്കരന്റെ സാന്നിധ്യമുണ്ടായിരുന്നു. പീലിക്കതിർ ഭക്തിഗാന കാസറ്റിൽ പാട്ടെഴുതി സംഗീതം നിർവഹിച്ചിട്ടുണ്ട്. സിനിമയുടെ പിന്നണികളിലും ഭാസ്കരന്റെ നാദം പലതവണ മുഴങ്ങി. പഞ്ചായത്തിൽ നിന്നു ലൈഫ് പദ്ധതിയിൽ 4 ലക്ഷം രൂപ പാസ്സായെങ്കിലും വീട് നിർമിക്കാൻ കഴിയാതെ വിഷമിക്കുകയാണ് ഇൗ കലാകാരൻ. വീടുകളിൽ തുകിലുണർത്ത് പാടിയെത്തിയിരുന്ന പരേതനായ അപ്പുക്കുട്ടന്റെയും പാറുക്കുട്ടിയുടെയും രണ്ടാമത്തെ മകനാണ് ഭാസ്കരൻ. ഭാര്യ: സുമന. മക്കൾ: ശാലിനി, ശരണ്യ, ശ്യാമിലി.