ശല്യമായി കുറുനരി; മേലൂർ മേഖലയിൽ ശല്യം രൂക്ഷം
Mail This Article
മേലൂർ ∙ പഞ്ചായത്തിലെ പുഴയോര മേഖലകളിൽ കുറുനരികൾ വ്യാപകമാകുന്നു. ജനവാസ മേഖലകളിലെത്തി വളർത്തുമൃഗങ്ങളെ കൊന്നു തിന്നുന്നതായും അക്രമിക്കുന്നതായും നാട്ടുകാർ പറയുന്നു. കുറുപ്പം, അടിച്ചിലി, പൂലാനി, പാലപ്പിള്ളി മേഖലയിലാണ് കുറുനരികൾ വ്യാപകമായിരിക്കുന്നത്. ഇവ മനുഷ്യരെയും അക്രമിക്കാൻ ശ്രമിച്ചതായും പറയപ്പെടുന്നു. ഏതാനും ദിവസം മുൻപ് പൂലാനി കനാൽ ബണ്ടിലൂടെ ബൈക്കിലൂടെ സഞ്ചരിച്ച യാത്രക്കാരനെ കൂട്ടമായി ആക്രമിക്കാനുള്ള ശ്രമമുണ്ടായി.
കോഴി, മുയൽ, എന്നിവയെ വളർത്തുന്ന കൂടുകൾ കുറുനരി കൂട്ടത്തോടെയെത്തി നശിപ്പിച്ച ശേഷമാണ് ഭക്ഷണമാക്കുന്നത്. കഴിഞ്ഞ ദിവസം കുറുപ്പം സ്വദേശിയുടെ വീടിനോട് ചേർന്നുള്ള കോഴിക്കൂട്ടിൽ നിന്ന് കോഴിയുടെ കാൽ കടിച്ചു പറിച്ചെടുത്തു. കുറുനരികൾ മേയുന്ന ഭാഗത്തെ പുല്ല് ആടുമാടുകൾ കഴിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. അറവുമാലിന്യങ്ങൾ വ്യാപകമായി തള്ളുന്ന ഭാഗങ്ങളിലെ കുറ്റിക്കാടുകളിൽ ഇവ തമ്പടക്കുകയാണ് പതിവ്. കുറുനരികൾ വ്യാപകമാകുന്നതോടെ ഇവയിൽ നിന്ന് വളർത്തുമൃഗങ്ങളിലേക്ക് രോഗങ്ങൾ പടരുമോയെന്നും നാട്ടുകാർക്ക് ആശങ്കയുണ്ട്.