ADVERTISEMENT

തൃശൂർ ∙ തേക്കിൻകാട് മൈതാനം ഇന്നലെ പൂരാവേശത്തിലായിരുന്നു; ത‍ൃശൂർ പൂരത്തിന്റെ അല്ല, ‘മഹിളാ പൂരത്തിന്റെ’ എന്നു മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ കേരളത്തിലെ വിവിധ ജില്ലകളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും സ്ത്രീകളും കുട്ടികളും വടക്കുന്നാഥ ക്ഷേത്രമൈതാനത്തെ സമ്മേളന വേദിയിലേക്ക് ഒഴുകിയെത്തി. പലരും രാവിലെ 11 മുതൽ സമ്മേളനപ്പന്തലിലേക്കുള്ള പ്രവേശന കവാടങ്ങളിൽ കാത്തുനിന്നു. ഒരു മണിയോടെ സുരക്ഷാ പരിശോധനകൾ നടത്തി പ്രവേശനം പൂർത്തിയാക്കുമെന്നു പറഞ്ഞിരുന്നെങ്കിലും 2.30 വരെ സ്ത്രീകൾ എത്തിക്കൊണ്ടിരുന്നു.  സുരക്ഷാ ക്രമീകരണങ്ങളാൽ ഒരു മണി മുതൽ പന്തലിൽ ‘അകപ്പെട്ടുപോയ’ കുട്ടികൾ സമയം കഴിയുന്തോറും ക്ഷീണിച്ചിരുന്നെങ്കിലും മോദിയുടെ വരവറിയിച്ചപ്പോൾ എല്ലാവരിലും ഉത്സാഹം നിറഞ്ഞു. 

‘വരണം വരണം മോദി’ എന്ന പാട്ടിന്റെ അകമ്പടിയോടെ പന്തലിലേക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ പലരും കസേരകളിൽ കയറി നിന്നാണു പൂക്കൾ വാരി വിതറിയും കൊടികൾ വീശിയും സ്വീകരിച്ചത്. തുടർന്നു ‘കേരളത്തിലെ അമ്മമാരേ സഹോദരിമാരേ’ എന്നു തുടങ്ങിയ മോദിയുടെ പ്രസംഗത്തിൽ എല്ലാവരും ആവേശഭരിതരായി. ഓരോ തവണ പ്രസംഗത്തിന്റെ പരിഭാഷ കഴിഞ്ഞു പുനരാരംഭിക്കുമ്പോഴും ഈ വരി ആവർത്തിച്ച് വിളിച്ചു പ്രധാനമന്ത്രി സമ്മേളന നഗരിയുടെ കയ്യടി ഏറ്റുവാങ്ങി.  കേന്ദ്ര സർക്കാർ ആരംഭിച്ച ഓരോ പദ്ധതിയെക്കുറിച്ചു പറയുമ്പോഴും ‘മോദിയുടെ ഗാരന്റി’ എന്ന ഉറപ്പ് വെറുതെ അല്ലെന്ന് പ്രധാനമന്ത്രി ഓർമിപ്പിച്ചതും സ്ത്രീകൾ ഏറ്റെടുത്ത് ആവർത്തിച്ചു വിളിച്ചുപറഞ്ഞു.

തൃശൂർ തേക്കിൻകാട് മൈതാനിയിൽ ബിജെപി സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ.
തൃശൂർ തേക്കിൻകാട് മൈതാനിയിൽ ബിജെപി സംഘടിപ്പിച്ച ‘സ്ത്രീശക്തി മോദിക്കൊപ്പം’ മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയവർ.

പ്രധാനമന്ത്രിയെ കാണാൻ വൻ ജനക്കൂട്ടം
തൃശൂർ∙ കുട്ടനെല്ലൂർ ഗവ.കോളജ് മൈതാനത്തെ ഹെലിപാഡിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. ഉച്ചയ്ക്കു 2ന് എത്തുമെന്നായിരുന്നു അറിയിപ്പെങ്കിലും അകമ്പടിയടക്കം 3 ഹെലികോപ്റ്ററുകൾ കുട്ടനെല്ലൂരിൽ ലാൻഡ് ചെയ്തതു 3.10ന്. കേന്ദ്രമന്ത്രി വി.മുരളീധരൻ, കലക്ടർ വി.ആർ.കൃഷ്ണതേജ എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ബിജെപിക്കു വേണ്ടി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സെക്രട്ടറി എ. നാഗേഷ്, മേഖലാ സെക്രട്ടറി ബിജോയ് തോമസ്, ബിഡിജെഎസ് ജില്ലാ പ്രസിഡന്റ് അതുല്യഘോഷ്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് തുടങ്ങിയവരും എത്തിയിരുന്നു.

മൈതാനത്ത് ഒരുക്കിനിർത്തിയിരുന്ന എസ്പിജി വാഹനത്തിൽ പ്രധാനമന്ത്രി കയറിയതോടെ വാഹനവ്യൂഹം നടത്തറ വഴി തൃശൂരിലേക്കു യാത്ര തുടങ്ങി.പ്രധാനമന്ത്രിയെ ഒരുനോക്കു കാണാനാകുമെന്ന പ്രതീക്ഷയിൽ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനക്കൂട്ടം സ്ഥലത്തെത്തിയിരുന്നു. എന്നാൽ, സുരക്ഷാ സേനയുടെ കാറുകളും ജീപ്പുകളും മറ്റ് അകമ്പടി വാഹനങ്ങളും ഗ്രൗണ്ടിനു മുൻവശത്തു നിർത്തിയിട്ടു പൊലീസ് സുരക്ഷ ഒരുക്കിയതിനാൽ പുറത്തു നിന്നവർക്കു പ്രധാനമന്ത്രിയെ കാണാനായില്ല. വാഹനവ്യൂഹം പോകുന്നതിനിടെ പ്രധാനമന്ത്രി കാറിലിരിക്കുന്നതു മിന്നായം പോലെ കണ്ടു പലരും മടങ്ങി.  പരിപാടി കഴിഞ്ഞു മടങ്ങിയെത്തിയ അദ്ദേഹം 5.45നാണു ഹെലികോപ്റ്ററിൽ തിരികെ പറന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com