ADVERTISEMENT

ചേർപ്പ് ∙ ഊരകം മഠത്തുംപടി രാജുവിന്റെ (75) കലാവൈഭവത്തിൽ പിറന്ന മനോഹര ശിൽപങ്ങൾ ലോകം മുഴുവനുമുള്ള പ്രമുഖ നക്ഷത്ര ഹോട്ടലുകളിലും ആഡംബര വീടുകളിലും അലങ്കാരമായി ഇരിക്കുന്നുണ്ട്.  റോമിലെ പള്ളിയിലടക്കം ഒട്ടേറെ പള്ളികളിൽ ഇദ്ദേഹം കൊത്തിയെടുത്ത ഉണ്ണിയേശുവിന്റെയും, അവസാന അത്താഴത്തിന്റെയും ശിൽപങ്ങൾ കണ്ടും തൊട്ടും പ്രാർഥിച്ചും ആയിരങ്ങൾ നിർവൃതിയടയുകയും ചെയ്യുന്നുണ്ട്. പക്ഷേ ഇതിലൊന്നും രാജു ഭ്രമിക്കാറില്ല, ഒരു പുരസ്കാരത്തിനു പിന്നാലെയും പായാറുമില്ല. കാരണം അദ്ദേഹം പ്രശസ്തനാവാൻ ആഗ്രഹിക്കുന്നില്ല. മരത്തിൽ ശിൽപങ്ങൾ ഉണ്ടാക്കുക എന്നത് ജോലി മാത്രമായി കാണുന്നതാണ് ഇദ്ദേഹത്തിന്റെ രീതി.

ശിൽപങ്ങളിൽ 90 ശതമാനവും വിദേശത്തേക്കാണു വിറ്റഴിച്ചത്. അരനൂറ്റാണ്ടിലേറെയായി പണിത ശിൽപങ്ങൾ 3 മാസം കൂടുമ്പോൾ ചെന്നൈ വിക്ടോറിയ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രദർശനത്തിന് വയ്ക്കും. ഇവിടെ ഒരു വർഷം ഇവ പ്രദർശിപ്പിക്കും. ഒരു വർഷം കഴിഞ്ഞിട്ടും ശിൽപങ്ങൾ വിറ്റുപോയില്ലെങ്കിൽ ഇവ തിരിച്ചെടുക്കണമെന്നതാണ് രീതി.  രാജു വിൽപനയ്ക്കു വച്ച ഒരു ശിൽപം പോലും വിറ്റുപോകാതിരുന്നിട്ടില്ല. ശിൽപകലയോടുള്ള താൽപര്യം മൂലം ഏഴാം ക്ലാസ് പൂർത്തിയാക്കും മുൻപ് പഠനം ഉപേക്ഷിച്ചു. ശിൽപിയായിരുന്ന പിതാവ് രാമൻ ആചാരിയുടെ കൂടെക്കൂടി ശിൽപകല പഠിച്ചെടുത്തു. ആയിരക്കണക്കിന് ശിൽപങ്ങൾ ഇദ്ദേഹം ഇക്കാലയളവിൽ കൊത്തിയെടുത്തു. 

ലോകത്തിലെ പല പ്രമുഖരുടെയും വീടുകളിൽ ഈ ശിൽപങ്ങൾ ഉണ്ട്.  പക്ഷേ ശിൽപങ്ങൾ വിൽക്കാൻ മറ്റുള്ളവരെ ഏൽപിക്കുന്നതിനാൽ ഇവ ആരൊക്കെ വാങ്ങിയെന്നുപോലും ഇദ്ദേഹത്തിനറിയില്ല. സൗദി രാജകൊട്ടാരത്തിൽ ഇദ്ദേഹം പണിത ഫാൽക്കൺ ശിൽപം ഉണ്ടെന്ന് ഇദ്ദേഹം അറിഞ്ഞിട്ടുണ്ട്. മോഹൻലാലിന്റെ കയ്യിലും ഇദ്ദേഹം കൊത്തിയ ശിൽപങ്ങൾ ഉണ്ട്. തിരുവനന്തപുരത്തെ പ്രശസ്ത നക്ഷത്ര ഹോട്ടലിലേക്കുള്ള കേരള ചരിത്രവും കലകളും പറയുന്ന വിവിധ ശിൽപങ്ങളാണ് ഇപ്പോൾ രാജുവിന്റെ പണിപ്പുരയിലുള്ളത്. ലളിതയാണ് ഭാര്യ. രാമദാസ്, വിദ്യാനാഥ്, രാജേഷ്, രാഖി എന്നിവരാണ് മക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com