4000 മുതൽ ഒന്നരലക്ഷം രൂപ വരെ വിലയുള്ള വസ്ത്രങ്ങൾ; പാവപ്പെട്ട കുട്ടികൾക്ക് പണച്ചെലവില്ലാതെ വിവാഹവസ്ത്രം
Mail This Article
ചാവക്കാട് ∙ വിവാഹ ദിനത്തിൽ വിലകൂടിയ വസ്ത്രം ഒരു നേരം ഉപയോഗിച്ച് ഇനി പെട്ടിയിൽ മടക്കിവയ്ക്കേണ്ട. ആർക്കും ഉപയോഗമില്ലാതെ കളയുകയും വേണ്ട. പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പണച്ചെലവില്ലാതെ വിവാഹവസ്ത്രം അണിയാൻ വഴിയൊരുക്കുകയാണ് ചാവക്കാട് പുന്നയിലെ ‘മാരീസ് ഡ്രസ് ബാങ്ക്’. ചാവക്കാട് പുന്ന വലിയപറമ്പ് കറുപ്പംവീട്ടിൽ കെ.ബി.ഷജ്മീറും ഭാര്യ ഷൈജയും ചേർന്നാണ് ഇതിനു തുടക്കമിട്ടത്. ഇപ്പോൾ പുന്നയിൽ വീടിനോടു ചേർന്ന് വിലപിടിപ്പുള്ള വസ്ത്രങ്ങളുടെ മനോഹരമായ ഒരു ശേഖരം തന്നെയുണ്ട്.
വിവാഹദിനത്തിൽ മണിക്കൂറുകൾ മാത്രം ഉപയോഗിച്ച വസ്ത്രങ്ങൾ ഇൗ ഡ്രസ് ബാങ്കിൽ നൽകാം. ഉപയോഗം കഴിഞ്ഞാൽ തിരിച്ചേൽപ്പിക്കണമെന്ന് മാത്രം. 4000 രൂപ മുതൽ ഒന്നരലക്ഷം രൂപ വരെ വിലയുള്ള പട്ടുസാരികൾ, സാരികൾ, ലാച്ചകൾ, ഗൗണുകൾ, കോട്ടുകൾ, സ്യൂട്ടുകൾ എന്നിവ ഇവിടെ ശേഖരിച്ചിട്ടുണ്ട്. ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. ഇവിടെയുള്ള ഡ്രസ് റൂമിൽ കയറി അണിഞ്ഞുനോക്കാം.
ആരുടെയും ഒൗദാര്യത്തിൽ കൊണ്ടുപോകുന്നതല്ലെന്ന ഉത്തമബോധ്യത്തോടെ വസ്ത്രം എടുക്കാം. വസ്ത്രം കൊണ്ടുപോകുന്നവരുടെ പേരുകൾ പുറത്തറിയുമെന്ന പേടിയും വേണ്ട. ജീവകാരുണ്യ പ്രവർത്തകൻ നാസർ മാനു ഉദ്ഘാടനം ചെയ്തു. പി.കെ.അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ജാബിർ അഹ്സനി, ഷജ്മീർ മാരീസ്, പി.യതീന്ദ്രദാസ്, എം.ബി.സുധീർ, തോമസ് ചിറമ്മൽ, അക്ബർ പുലയംപാട്ട്, സി.സലീം എന്നിവർ പ്രസംഗിച്ചു.