50 വർഷം മുൻപ് ലഭിച്ച അസ്ഥികൂടം ഉൾക്കൊള്ളിച്ച് നീലത്തിമിംഗലത്തിന്റെ പുതിയ മാതൃക ഒരുക്കി ക്രൈസ്റ്റ് കോളജ്
Mail This Article
ഇരിങ്ങാലക്കുട ∙ കൗതുകമായി ക്രൈസ്റ്റ് കോളജിലെ നീലത്തിമിംഗലം. ഏകദേശം 50 വർഷം മുൻപ് കോളജിനു ലഭിച്ച നീല തിമിംഗലത്തിന്റെ അസ്ഥികൂടം ഉൾക്കൊള്ളിച്ചാണ് പുതിയ മാതൃക കോളജിൽ ഒരുക്കിയിരിക്കുന്നത്. സുവോളജി ബ്ലോക്കിനോടു ചേർന്നാണ് നീല തിമിംഗലത്തിന്റെ ആവാസവ്യവസ്ഥ അതേ രീതിയിൽ പുനഃസൃഷ്ടിച്ചത്. ഇതിന്റെ ആവാസവ്യവസ്ഥയും ജീവിത രീതിയും വിശദീകരിക്കുന്ന ദൃശ്യവും ശബ്ദ സംവിധാനവും ഇതിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. കോളജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പൽ ഡോ. ഫാദർ ജോളി ആൻഡ്രൂസ് എന്നിവർ ചേർന്ന് തിമിംഗല മാതൃക വിദ്യാർഥികൾക്ക് തുറന്നുകൊടുത്തു.
1970ൽ കോളജ് പ്രിൻസിപ്പൽ ആയിരുന്ന ഫാ. ഗബ്രിയേൽ ചിറമേലിന്റെ ശ്രമഫലമായാണ് നീല തിമിംഗലത്തിന്റെ യഥാർഥ അസ്ഥികൂടം കോളജിന് ലഭിച്ചത്. കോളജിൽ അന്നത്തെ ടാക്സി ഡെർമിസ്റ്റായിരുന്ന കെ.കെ. അംബുജാക്ഷൻ ഈ അസ്ഥിപഞ്ജരം ശേഖരിച്ച് കേട് കൂടാതെ മ്യൂസിയത്തിൽ സൂക്ഷിച്ചു. പിന്നീട് കോളജിന്റെ പുനരുദ്ധാരണ സമയത്ത് ഇത് സമീപത്തുള്ള ക്രൈസ്റ്റ് വിദ്യാനികേതൻ സ്കൂളിലേക്ക് മാറ്റി. പിന്നീട് കോളജിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.നിരവധി കലാകാരൻമാരുടെ ശ്രമഫലമായി നിർമിച്ച ഈ ആവാസ വ്യവസ്ഥയുടെ മാതൃക സന്ദർശിക്കാൻ വിദ്യാർഥികൾക്ക് അവസരം ഒരുക്കിയിരുന്നു.