അഞ്ചു വധൂവരന്മാർക്ക് അപൂർവഭാഗ്യം; പ്രധാനമന്ത്രിയുടെ ആശീർവാദം, അക്ഷതം സമ്മാനം
Mail This Article
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇന്നലെ ശീട്ടാക്കിയത് 77 വിവാഹങ്ങൾ. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി രാവിലെ 6 മുതൽ 9 വരെയുള്ള വിവാഹങ്ങളിൽ മിക്കതും പുലർച്ചെ 5 മുതൽ 6 വരെയുള്ള സമയത്തേക്ക് മാറ്റി ക്രമീകരിച്ചു. 5.48 ആകുമ്പോൾ തന്നെ 33 വിവാഹങ്ങൾ നടന്നു. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം 8.45ന് ആണ് നടന്നത്. ബാക്കി വിവാഹങ്ങളുടെ ചടങ്ങുകൾ പ്രധാനമന്ത്രി പോയശേഷം രാവിലെ 9.15ന് ആരംഭിച്ചു.
പ്രധാനമന്ത്രിയെ കാണാനും ഫോട്ടോയിൽ നിൽക്കാനും അവസരമുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചപ്പോൾ ഇന്നലെ പുലർച്ചെ വിവാഹിതരായ 5 വധൂവരന്മാർക്ക് അപൂർവ ഭാഗ്യമായി. ഭാഗ്യയുടെ വിവാഹച്ചടങ്ങുകൾക്കായി മണ്ഡപത്തിൽ എത്തിയ മോദി കാത്തുനിന്ന വധൂവരന്മാരെ ആദ്യം പുഷ്പവൃഷ്ടി നടത്തി ആശീർവദിച്ചു. അവർക്കെല്ലാം അയോധ്യയിൽ നിന്നുള്ള അക്ഷതവും അദ്ദേഹം സമ്മാനിച്ചു. നടൻ സന്തോഷ്, കീർത്തി സുരേഷ് എന്നിവരും മണ്ഡപത്തിനു സമീപം അദ്ദേഹത്തെ സ്വീകരിക്കാനുണ്ടായിരുന്നു.