ADVERTISEMENT

തൃപ്രയാർ ∙ പൂരം പുറപ്പാടിന്റെ പ്രധാന ചടങ്ങായ പള്ളിയോടത്തിൽ തൃപ്രയാർ തേവർ പുഴ കടക്കുന്നതിന്റെ ശിൽപം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെമന പത്മനാഭൻ നമ്പൂതിരിപ്പാടും അമ്പും വില്ലും ധരിച്ച ശ്രീരാമന്റെ ഫോട്ടോ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഡോ.എം.കെ.സുദർശൻ, കമ്മിഷണർ സി.അനിൽകുമാർ എന്നിവരും ചേർന്നു മോദിക്ക് സമ്മാനിച്ചു.

തൃപ്രയാർ ക്ഷേത്രത്തെ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ളതടക്കം 100 കോടി പ്രതീക്ഷിക്കുന്ന പദ്ധതി നിർദേശം സമർപ്പിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ വേദാർച്ചന നടത്തിയ തൃശൂർ ബ്രഹ്മസ്വം മഠത്തിൽ വേദപഠനം നടത്തുന്ന 21 വിദ്യാർഥികളെയും അവരുടെ സഹായികളായ സംഗീതജ്ഞരെയും മോദി പൊന്നാട അണിയിച്ചു. വേദിയിലുണ്ടായിരുന്ന എല്ലാവർക്കും പുരസ്കാരമായി പൊന്നാട നൽകി. മോദിയുടെ അനിഴം നാളിനാണ് വഴിപാട് ചൊവ്വാഴ്ച ക്ഷേത്രത്തിൽ ചീട്ടാക്കിയത്. അഷ്ടോത്തരവും പുരുഷസൂക്തവുമാണ് വഴിപാട് നടത്തിയത്.

തൃപ്രയാറിനെയും ഗുരുവായൂരിനെയും ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി
തൃപ്രയാർ ∙ ശ്രീരാമസ്വാമി ക്ഷേത്ര ദർശനത്തിനു വലപ്പാട് സ്കൂൾ ഗ്രൗണ്ടിലെ ഹെലിപാഡിലിറങ്ങിയ പ്രധാനമന്ത്രി റോഡ് മാർഗമാണു ക്ഷേത്രത്തിലേക്കു പുറപ്പെട്ടത്. റോഡിന്റെ ഇരുവശത്തും ജനം തിങ്ങിക്കൂടിയിരുന്നു. ക്ഷേത്രനടയിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ.സുദർശനും ദേവസ്വം കമ്മിഷണർ സി.അനിൽ കുമാറും ചേർന്നു പ്രധാനമന്ത്രിയെ സ്വീകരിച്ച് ഉള്ളിലേക്കാനയിച്ചു. ക്ഷേത്രത്തിനു മുന്നിൽ തേവരെ തൊഴുത ശേഷം മോദി ഉപദേവനായ ഗോശാല കൃഷ്ണന്റെ പ്രതിഷ്ഠയ്ക്കു മുന്നിലെത്തി തൊഴുതു.

നടയിൽ വെള്ളിക്കുടത്തിൽ നെയ്യ് സമർപ്പിച്ചു. തുടർന്നാണു കിഴക്കേനടയിൽ കടവിലെത്തി മീനൂട്ടു നടത്തിയത്. ശേഷം ചുറ്റമ്പലത്തിൽ പ്രവേശിച്ച പ്രധാനമന്ത്രി ശ്രീകോവിലിനു മുന്നിലെത്തി തേവരെ തൊഴുതു. താമരപ്പൂവും തുളസീദളങ്ങളും മോദി നടയിലർപ്പിച്ചു. സമീപത്തു ഗണപതിയെ തൊഴുതു പുറത്തുകടന്നു. ശാസ്താവിന്റെ നടയിലെത്തി നെയ്യ് സമർപ്പിച്ചു. പടിഞ്ഞാറേനടയിലെത്തിയപ്പോൾ തന്ത്രി മോദിയെ ഷാളണിയിച്ചു. ഇദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വരവ്.

മോദിക്കു വേണ്ടി ശീട്ടാക്കിയ അഷ്ടോത്തരം, പുരുഷ സൂക്തം വഴിപാടുകൾ നടന്നു. വസ്ത്രം മാറി മടക്കയാത്ര പുറപ്പെട്ട മോദി വാഹനത്തിന്റെ ഡോർ തുറന്നു പുറത്തെ ഫുട്സ്റ്റെപ്പിൽ നിന്നു ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്തത് ആരവമായി. 11.30 ഓടെ ഹെലിപാഡിലെത്തിയ അദ്ദേഹം കൊച്ചിയിലേക്കു മടങ്ങി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com