ADVERTISEMENT

കൊരട്ടി ∙ കുടുംബവഴക്കിനെത്തുടർന്നു ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തുകയും രണ്ടു മക്കളെ ഗുരുതരമായി വെട്ടിപ്പരുക്കേൽപിക്കുകയും ചെയ്ത ശേഷം ഗൃഹനാഥൻ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ നിലയിൽ. സാൻജോ നഗറിൽ വാടകയ്ക്കു താമസിക്കുന്ന കുഴുപ്പിള്ളി ബിനു (38) ആണു ഭാര്യ ഷീജയെ (38) കൊലപ്പെടുത്തിയത്. മക്കളായ അഭിനവ് (11), അനുഗ്രഹ (5) എന്നിവരെയും ബിനു വെട്ടിയെങ്കിലും നിലവിളിച്ചു പുറത്തേക്കോടിയ ഇരുവരും ചോരയൊലിക്കുന്ന നിലയിൽ സമീപത്തെ ഉത്സവപ്പറമ്പിൽ ഓടിയെത്തി നാട്ടുകാരോടു വിവരം പറയുകയായിരുന്നു. ഉടൻ നാട്ടുകാർ ചേർന്നു കുട്ടികളെ ആശുപത്രിയിലെത്തിച്ചു. 

കുട്ടികൾ നൽകിയ വിവരമനുസരിച്ചു നാട്ടുകാർ ഓടിയെത്തിയപ്പോൾ  രക്തത്തിൽ കുളിച്ച നിലയിൽ ഷീജയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാരെ കണ്ട ബിനു ഇറങ്ങിയോടി. മീൻ കച്ചവടക്കാരനായ ബിനു കടമുണ്ടായിരുന്നുവെന്നു നാട്ടുകാർ പറയുന്നു. പലരോടായി ബിനു വീണ്ടും പണം കടം വാങ്ങുന്നതിനെ ഷീജ ചോദ്യം ചെയ്തതിനെച്ചൊല്ലി ഇവർക്കിടയിൽ തർക്കമുണ്ടായിരുന്നു. 

കൊരട്ടി സാൻജോ നഗറിൽ കൊഴുപ്പിള്ളി ബിനു ഭാര്യ ഷീജയെ കൊലപ്പെടുത്തിയ വീടിനു മുന്നിൽ ആളുകൾ കൂടി നിൽക്കുന്നു.
കൊരട്ടി സാൻജോ നഗറിൽ കൊഴുപ്പിള്ളി ബിനു ഭാര്യ ഷീജയെ കൊലപ്പെടുത്തിയ വീടിനു മുന്നിൽ ആളുകൾ കൂടി നിൽക്കുന്നു.

പൊലീസ് എത്തി നാട്ടുകാരുടെ സഹായത്തോടെ ബിനുവിനു വേണ്ടി തിരച്ചിൽ നടത്തിയപ്പോഴാണു പഞ്ചായത്ത് കമ്യൂണിറ്റി ഹാളിനു സമീപത്തെ റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ചനിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇരുവരുടെയും സംസ്കാരം ഇന്നു 10നു ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തിൽ. അഭിനവിന്റെയും അനുഗ്രഹയുടെയും ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചതായി സനീഷ്കുമാർ ജോസഫ് എംഎൽഎ പറഞ്ഞു.

പുതിയ കയറും കത്തിയും വാങ്ങിവച്ചു; കൊലപാതകം ആസൂത്രിതമെന്ന് സൂചന
കൊരട്ടി ∙ നാടിനെ നടുക്കിയ കൊലപാതകം നടത്താനുപയോഗിച്ച കത്തി ബിനു ഓൺലൈനായി ഓർഡർ ചെയ്തു വരുത്തിയതെന്നു സൂചന. വീടിന്റെ പിൻവശത്തു പൊതിഞ്ഞുവച്ച നിലയിൽ പുതിയ കയറും കണ്ടെത്തി. കൊലപാതകത്തിനു ശേഷം സ്വയം ജീവനൊടുക്കാനായി ബിനു കരുതിവച്ചതാണു കയറെന്നാണു സൂചന. ഭാര്യയെയും മക്കളെയും കൊലപ്പെടുത്താനും സ്വയം ജീവനൊടുക്കാനുമായി ദിവസങ്ങളോളം ആസൂത്രണം നടത്തിയെന്നാണു പ്രാഥമിക നിഗമനം. 

സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്നു രക്ഷപ്പെടാനുള്ള വഴിയെന്ന നിലയിൽ കോവിഡ് കാലത്താണു ബിനു മീൻകച്ചവടം ആരംഭിച്ചത്. എന്നാൽ, പ്രതീക്ഷിച്ച ലാഭം കച്ചവടത്തിൽ നിന്നു ലഭിച്ചില്ല. ഏതാനും മാസം മുൻപു കച്ചവടം ഉപേക്ഷിച്ചു. ഭാര്യ ഷീജയ്ക്കും ജോലിയില്ലാതിരുന്നതിനാൽ കുടുംബം കടുത്ത പ്രതിസന്ധിയിലായി. സമീപത്തെ കുടുംബങ്ങൾക്കു വസ്ത്രങ്ങൾ തയ്ച്ചുനൽകി സ്വരുക്കൂട്ടിയ വരുമാനം മാത്രമായിരുന്നു ഏക ആശ്രയം. ബിനു പലരിൽ നിന്നായി പണം കടംവാങ്ങിയെങ്കിലും തിരിച്ചുനൽകാമെന്നേറ്റ അവധി പാലിക്കാനായില്ല.

 ഇതിന്റെ പേരിൽ ഭാര്യയും ഭർത്താവും തമ്മിൽ നിരന്തര തർക്കങ്ങളുണ്ടായിരുന്നു. ഇവർ താമസിക്കുന്ന വാടകവീടിന്റെ സമീപത്താണു ഷീജയുടെ കുടുംബക്ഷേത്രം. തലേന്നു രാത്രി 11 മണി വരെ ക്ഷേത്രത്തിലെ ഉൽസവച്ചടങ്ങുകളിൽ പങ്കെടുത്ത ഷീജയെയും മക്കളെയും ബിനുവാണു വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്. നാട്ടിലെല്ലാവരോടും സ്നേഹത്തോടെ ഇടപെടുന്നയാളായ ബിനു ഇത്തരമൊരു ക്രൂരകൃത്യം നടത്തിയെന്ന വിവരമറിഞ്ഞു നാടൊന്നടങ്കം ഞെട്ടി.

English Summary:

After killing his wife and severely mutilating his two children, Binu committed suicide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com