നവീകരിച്ച ടൗൺഹാൾ തുറന്നു; പൊതു ഇടങ്ങൾ ഫലപ്രദമായി വിനിയോഗിക്കുമെന്നു മന്ത്രി മുഹമ്മദ് റിയാസ്
Mail This Article
തൃശൂർ ∙ നവീകരിച്ച ടൗൺ ഹാൾ മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പാലങ്ങളും ഒഴിഞ്ഞ സ്ഥലങ്ങളും പൊതു ഇടങ്ങളാക്കി ഉപയോഗ പ്രദമാക്കുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ മുൻകൈയെടുത്തു സഹകരണ, പൊതുമേഖല, സ്വകാര്യമേഖല എന്നിവയെ ചേർത്തുനിർത്തി കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തും. ടൂറിസം വകുപ്പുകളിലെ നിർമാണ പ്രവർത്തനങ്ങൾക്ക് സമഗ്രമായ ഡിസൈൻ രൂപീകരിച്ച് കെട്ടിടങ്ങൾ നിർമിക്കും. മികച്ച സംവിധാനങ്ങൾ ഒരുക്കി നവീകരിച്ച ടൗൺ ഹാളിനെ കൂടുതൽ സൗകര്യപ്രദമായി ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
1938ൽ നിർമിച്ച ടൗൺ ഹാളിന്റെ പ്രൗഢി നിലനിർത്തിക്കൊണ്ടാണ് മൂന്നു കോടി രൂപ ചെലവഴിച്ച് 450 പേർക്ക് ഇരിക്കാവുന്ന രീതിയിൽ നവീകരണം നടത്തിയത്. പി.ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മന്ത്രി കെ.രാജൻ ഓൺലൈനായി പങ്കെടുത്തു. എംപി ടി.എൻ.പ്രതാപൻ, മേയർ എം.കെ.വർഗീസ്, സബ് കലക്ടർ മുഹമ്മദ് ഷഫീഖ്, എക്സി. എൻജിനീയർ പി.വി.ബിജി, സൂപ്രണ്ടിങ് എൻജിനീയർ വി.കെ.ശ്രീമാല എന്നിവർ പ്രസംഗിച്ചു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ.സച്ചിദാനന്ദൻ, സെക്രട്ടറി സി.പി.അബൂബക്കർ, പബ്ലിക് ലൈബ്രറി സെക്രട്ടറി ജോൺ സിറിയക്, കൗൺസിലർ റെജി ജോയ് എന്നിവർ പങ്കെടുത്തു.