ജനസാഗരമായി മണത്തല ചന്ദനക്കുടം നേർച്ച
Mail This Article
ചാവക്കാട്∙ മണത്തലയുടെ ഹൃദയവിശാലത പോലെ ദേശീയപാതയും വികസിച്ചപ്പോൾ ചന്ദനക്കുടം നേർച്ച അഴകിന്റെ മഴവില്ല് തീർത്തു. സ്വന്തം വീടിന്റെ മുറ്റത്ത് വിരുന്നുകാരെ സ്വീകരിച്ചവർ പലരും അതിഥികളായെത്തി നേർച്ചയിൽ പങ്കാളികളായി. വികസനത്തിനുവേണ്ടി അന്യരാക്കപ്പെട്ടവർ സ്വന്തം ഇടത്തിലേക്ക് തിരിച്ചുവന്ന് മണത്തല ചന്ദനക്കുടം നേർച്ചയെ നെഞ്ചേറ്റി. പതിനായിരങ്ങളാണ് മണത്തല ചന്ദനക്കുടം നേർച്ചയിലേക്കെത്തിയത്. അതിർത്തികാത്ത രാജ്യസ്നേഹിയുടെ ധീരസ്മരണയിൽ അതിർത്തികളില്ലാത്ത സ്നേഹപ്രണാമവുമായി മതഭേദങ്ങളില്ലാതെ ജനം മണത്തലയെ ലക്ഷ്യമാക്കി നീങ്ങിയപ്പോൾ ചാവക്കാടിന്റെ എല്ലാ പ്രദക്ഷിണ വഴികളും കരകവിഞ്ഞൊഴുകി.
ദേശാഭിമാനത്തിന്റെ പടനയിച്ച് ടിപ്പുവിന്റെ പടയാളികളുമായി ഏറ്റുമുട്ടി വീരചരമം പ്രാപിച്ച നാലകത്ത് ചാന്ദിപ്പുറത്ത് ഹൈദ്രോസ് കുട്ടി മൂപ്പരുടെ ധീരസ്മരണയ്ക്ക് മുന്നിൽ ജാതിമതഭേദങ്ങളില്ലാതെ നാട് സ്നേഹാദരം അർപ്പിച്ചു.മണത്തലയുടെ മണ്ണും മനസ്സും രാജ്യസ്നേഹത്തിന്റെ ദീപ്തമായ ഓർമകളിൽ നിറഞ്ഞു. രാവിലെ എട്ടിന് ചാവക്കാട് ടൗൺ പള്ളിക്ക് പുറകിൽ നിന്നു താബൂത്ത് കാഴ്ച ആരംഭിച്ചു. നേർച്ചയിലെ പ്രധാന കാഴ്ചയായ താബൂത്ത് കാഴ്ച നാടും നഗരവും ചുറ്റി. അറബനമുട്ടും ദഫ്മുട്ടും മുട്ടുംവിളിയും ആനകളും വിവിധ വാദ്യമേളങ്ങളും അകമ്പടിയായി.
ഇതേസമയം താഹ പള്ളി പരിസരത്തു നിന്നും മണത്തല സിദ്ദീഖ് പളളിക്ക് മുന്നിൽ നിന്നും ചാവക്കാട് വഞ്ചിക്കടവിൽ നിന്നും കൊടിയേറ്റകാഴ്ചകൾ പുറപ്പെട്ട് പള്ളിയെ ലക്ഷ്യമാക്കി നീങ്ങി. 11.45ന് തന്നെ താബൂത്ത് കാഴ്ച ജാറത്തിലെത്തി.കാഴ്ചകൾ പള്ളി അങ്കണത്തിൽ പ്രവേശിച്ച് ആനപ്പുറത്തിരുന്ന് കൊടിയേറ്റം നടത്തി. നേർച്ചയിലെ പ്രധാന ചടങ്ങായ താണിമര പൊത്തിൽ മുട്ടയും പാലും വയ്ക്കുന്ന ആചാരവും നടത്തി.
മഹല്ല് പ്രസിഡന്റ് പി.കെ.ഇസ്മായിൽ, സെക്രട്ടറി കെ.വി.ഷാനവാസ്, ട്രഷറർ ടി.കെ.അലി, മറ്റ് ഭാരവാഹികളായ കെ.സി.നിഷാദ്, ടി.കെ.മുഹമ്മദാലി ഹാജി, കെ.സക്കീർ ഹുസൈൻ, എ.ഹൈദ്രോസ്, കെ.പി.മുഹമ്മദ് അഷറഫ്, താബൂത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വി.അലിക്കുട്ടി, ജനറൽസെക്രട്ടറി കെ.സി.നിഷാദ്, ട്രഷറർ മനാഫ് എന്നിവർ നേതൃത്വം നൽകി. ചാവക്കാട് എസ്എച്ച്ഒ വിപിൻ.കെ.വേണുഗോപാലിന്റെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹവും സ്ഥലത്തുണ്ടായി.