ADVERTISEMENT

വടക്കാഞ്ചേരി ∙ മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിക്കാൻ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫിസിൽ എത്തിയ പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷം. ബ്ലോക്ക് പ്രസിഡന്റ് പി.ജി.ജയദീപിനെയും മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബുഷ്റ റഷീദിനെയും തള്ളി താഴെയിട്ടതായി പറയുന്നു. 

ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദീപം തെളിക്കലും പുഷ്പാർച്ചനയും അനുസ്മരണവും ബ്ലോക്ക് കമ്മിറ്റിയാണു സംഘടിപ്പിച്ചത്. 9.30നു തുടങ്ങേണ്ട പരിപാടി 10 മണി കഴിഞ്ഞിട്ടും ആരംഭിക്കാതിരുന്നതിനെത്തുടർന്ന് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരുവിഭാഗം വിളക്കു തെളിക്കാൻ ശ്രമിച്ചു. 

മുൻ ബ്ലോക്ക് പ്രസിഡന്റ് എസ്.എ.എ.ആസാദിന്റെ നേതൃത്വത്തിൽ ഇത് ഏതാനും പ്രവർത്തകർ തടഞ്ഞതോടെ സംഘർഷമായി. പരസ്പരം പോർവിളികളും ഉന്തുംതള്ളുമായി. കസേരകൾ എടുത്തെറിയുകയും വിളക്കും ഗാന്ധിചിത്രവും വലിച്ചെറിഞ്ഞതായും പറയുന്നു. പോസ്റ്ററുകൾ കീറി. 

പ്രതിഷേധക്കാർ പിന്നീട് ഇറങ്ങിപ്പോയി. ഔദ്യോഗിക വിഭാഗം പിന്നീടു വിളക്കു തെളിച്ചു പുഷ്പാർച്ചന നടത്തി. എന്നാൽ പാർട്ടി ഓഫിസിലെ തർക്കത്തിനിടയിൽ ഗാന്ധിചിത്രം വലിച്ചെറിഞ്ഞെന്നും മറ്റുമുള്ള ബ്ലോക്ക് ഭാരവാഹികളുടെ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് മറുവിഭാഗം വിശദീകരിച്ചു.

ഇരുവിഭാഗങ്ങളും തമ്മിൽ ഗാന്ധിചിത്രത്തിനു സമീപം നിന്നു ചിത്രമെടുത്തതിനെച്ചൊല്ലി വാക്കുതർക്കം ഉണ്ടാവുക മാത്രമേ ഉണ്ടായുള്ളൂവെന്നും തുടർന്ന് ഡിസിസി സെക്രട്ടറിയും മണ്ഡലം പ്രസിഡന്റും ഉൾപ്പെടെയുള്ളവർ‍ ഓഫിസിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നെന്നും മണ്ഡലം പ്രസിഡന്റിനെ അനുകൂലിക്കുന്നവർ പറഞ്ഞു. സംഭവങ്ങളെക്കുറിച്ചു ഡിസിസിക്കും കെപിസിസിക്കും പരാതി നൽകിയിട്ടുണ്ടെന്നു ബ്ലോക്ക് പ്രസിഡന്റ് അറിയിച്ചു.

ചേരി തിരിഞ്ഞു കോൺഗ്രസിന്റെ രക്തസാക്ഷി ദിനാചരണം 
കൊടുങ്ങല്ലൂർ ∙ എടവലിങ്ങിൽ ചേരി തിരിഞ്ഞു കോൺഗ്രസ് പ്രവർത്തകർ  മഹാത്മാഗാന്ധി രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റിയും സേവ് കോൺഗ്രസ് ഫോറവും ആണ് വ്യത്യസ്ത ചടങ്ങുകൾ സംഘടിപ്പിച്ചത്.

എടവിലങ്ങ് മണ്ഡലം കമ്മിറ്റി പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടത്തി. വേക്കോട് മുഹയുദീൻ ജുമാ മസ്ജിദ് ഇമാം മുനീർ അൻവാരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.എം. ജോസഫ് ദേവസി അധ്യക്ഷത വഹിച്ചു.ഇ.കെ.സജീവൻ, ബ്ലോക്ക്‌ വൈസ് പ്രസിഡന്റ് ഇ.കെ. സോമൻ, പി.ജി. കൃഷ്ണനുണ്ണി, പി.വി. അറുമുഖൻ എന്നിവർ നേതൃത്വം നൽകി.

സേവ് കോൺഗ്രസ് എടവിലങ്ങ് മണ്ഡലം കമ്മിറ്റി നടത്തിയ ചടങ്ങിൽ ഹംസ കാക്കശേരി ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം.ജി.അനിൽകുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ജോസ്മി ടൈറ്റസ്, ‌മോഹൻ പോണത്ത്,റഷീദ് പോനാക്കുഴി, ടി.എം. ഷാഫി, വി.എം. ബൈജു, കെ.ആർ.രമീസ് എന്നിവർ പ്രാർഥനക്ക് നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com