ADVERTISEMENT

തൃശൂർ ∙ കേന്ദ്ര കായികമന്ത്രാലയത്തിന്റെ ഖേലോ ഇന്ത്യ പ്രൊജക്ടിലൂടെ 9 കോടി രൂപ ചെലവഴിച്ചു കോർപറേഷൻ സ്റ്റേഡിയത്തിൽ പുതിയ സിന്തറ്റിക് ട്രാക്കും മികവുറ്റ ഫുട്ബോൾ ടർഫും നിർമിക്കാനുള്ള പദ്ധതി പൊളിയുന്നു. ട്രാക്ക് നിർമാണത്തിനു സ്റ്റേഡിയം വിട്ടുനൽകാനുള്ള ധാരണാപത്രം ഒപ്പുവയ്ക്കുന്നതിൽനിന്നു കോർപറേഷൻ അവസാന നിമിഷം പിന്മാറിയതാണു കാരണം.

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ മുൻകയ്യെടുത്ത് അതിവേഗം ട്രാക്ക് നിർമിക്കാൻ ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണു കോർപറേഷന്റെ നിസ്സഹകരണം. സ്റ്റേഡിയത്തിന്റെ നിയന്ത്രണം കൈവിട്ടു പോകുമെന്ന ആശങ്കയാണു പിന്മാറ്റത്തിനു കാരണമെന്നു സൂചനയുണ്ട്. 

കുണ്ടുംകുഴിയുമായിക്കിടക്കുന്ന സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് നിർമിക്കണമെന്ന ആവശ്യം ഒളിംപ്യൻ ലിജോ ഡേവിഡ് തോട്ടാനും ഒളിംപ്യൻ പി.രാമചന്ദ്രനുമാണു ഉഷയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. കോർപറേഷന്റെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ ട്രാക്ക് നിർമിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകാമെന്നു മേയർ ഉറപ്പുനൽകുകയും ചെയ്തിരുന്നു.

തങ്ങൾ നിർമിക്കുന്ന സ്റ്റേഡിയങ്ങളുടെയെല്ലാം 10 വർഷത്തെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ടു ധാരണാപത്രം ഒപ്പുവയ്ക്കുന്നതു ഖേലോ ഇന്ത്യയുടെ രീതിയാണെന്നു സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ അധികൃതർ പറയുന്നു. സംസ്ഥാനത്തു സമീപകാലത്തു നിർമിക്കുന്ന സിന്തറ്റിക് ട്രാക്കുകളിലെല്ലാം ഇതേ ധാരണാപത്രം ഒപ്പ‍ുവച്ചിരുന്നു.

ട്രാക്ക് കായികാവശ്യത്തിനായി മാത്രമേ ഉപയോഗിക്കൂ എന്നും രാഷ്ട്രീയ പരിപാടികൾ പോലുള്ള കായികേതര ആവശ്യങ്ങൾക്കുപയോഗിക്കില്ലെന്നും ഉറപ്പുവരുത്താനാണിത്. എന്നാൽ, ധാരണാപത്രവുമായി കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിലെത്തിയ ഖേലോ ഇന്ത്യ എൻജിനീയറിങ് സംഘത്തോടു കോർപറേഷൻ നേതൃത്വം വിസമ്മതം അറിയിച്ചു. 

കോർപറേഷൻ സ്വന്തം നിലയ്ക്കു ധാരണാപത്രം തയാറാക്കാമെന്നും ഇത‍ിലെ വ്യവസ്ഥകൾ അംഗീകരിക്കാൻ ഖേലോ ഇന്ത്യ തയാറാണെങ്കിൽ ട്രാക്ക് നിർമ‍ിക്കാൻ അനുവദിക്കാമെന്നുമായിരുന്നു നിലപാടെന്നറിയുന്നു. ഇങ്ങനെയൊരു പതിവില്ലെന്നതിനാൽ ട്രാക്ക് നിർമാണത്തിൽ നിന്നു ഖേലോ ഇന്ത്യ പിന്മാറുമെന്നാണു സൂചന. എന്നാൽ, ഇതേക്കുറിച്ചു കോർപറേഷന്റെ ഔദ്യോഗിക പ്രതികരണം ലഭ്യമായില്ല. 

കണ്ടംവച്ച നിലയിൽ സ്റ്റേഡിയം; കായികസ്വപ്നങ്ങൾ മരവിക്കുന്നു
9 കോടി രൂപ ചെലവിൽ തൃശൂരിൽ പുതിയ സിന്തറ്റിക് ട്രാക്കും ഫുട്ബോൾ ടർഫും നിർമിച്ചു നൽകാൻ ഖേലോ ഇന്ത്യ പദ്ധതി വരുന്നുവെന്നു കേട്ടപ്പോൾ ഏറ്റവും ആഹ്ലാദിച്ചതു ജില്ലയിലെ അത്‍ലീറ്റുകളും കായിക പ്രേമികളുമാണ്. പരിപാലനമില്ലാതെ നശിച്ച ഫുട്ബോൾ ടർഫും കുണ്ടുംകുഴിയുമായിക്കിടക്കുന്ന മൺട്രാക്കുമാണു സ്റ്റേഡിയത്തിന്റെ ഇപ്പോഴത്തെ സ്ഥിതി.

ടർഫ് പൊളിഞ്ഞടുങ്ങിയ ഭാഗങ്ങളിൽ കൃത്രിമപ്പുല്ല് വച്ചുപിടിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇതിൽ തട്ടിവീഴുകയാണു താരങ്ങൾ. 9 വർഷം മുൻപു ദേശീയ ഗെയിംസിനായി ടർഫും പവിലിയനും നിർമിച്ചപ്പോൾ ഇതിന്റെ മേൽനോട്ടവും പരിചരണവും ഏറ്റെടുക്കാൻ സ്പോർട്സ് കൗൺസിൽ സന്നദ്ധത അറിയിച്ചിരുന്നെങ്കിലും കോർപറേഷൻ വിട്ടുനൽകാൻ തയാറായില്ല. സ്വന്തം നിലയ്ക്കു സംരക്ഷണം നടത്തിയതുമില്ല. പവിലയനും നാശോന്മുഖമായ അവസ്ഥയിലാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com