അടുക്കളയിലേക്ക് എത്തുന്നത് പഴകിയ മത്സ്യം; പൂച്ച പോലും മണത്തു നോക്കുന്നില്ല
Mail This Article
കൊടുങ്ങല്ലൂർ ∙ തീരദേശത്തു മത്സ്യ വിൽപന കേന്ദ്രങ്ങളിലേക്കു പഴകിയ മത്സ്യം എത്തിക്കുന്ന സംഘം വീണ്ടും രംഗത്ത്. ഫിഷറീസ് വകുപ്പിന്റെ പരിശോധന നിലച്ചതോടെ തീരദേശത്തും പട്ടണത്തിലും വിവിധ മത്സ്യ വിൽപന കേന്ദ്രങ്ങളിൽ പഴകിയ മത്സ്യം വിൽപന തകൃതിയായി തുടരുകയാണ്. ഒറ്റ നോട്ടത്തിൽ പഴക്കം തോന്നിപ്പിക്കാത്ത മത്സ്യമാണ് വിൽപന. ചെറുകിട വ്യാപാരികൾക്കു പൊടുന്നനെ മത്സ്യത്തിന്റെ പഴക്കം കണ്ടെത്താനും കഴിയില്ല.
ദിവസങ്ങളോളം ഐസ് ഇട്ടതും ഫോർമലിൻ കലർത്തിയതുമായ മത്സ്യമാണ് ഇവിടേക്ക് എത്തുന്നതെന്നു സൂചനയുണ്ട്. മീൻ പാചകം ചെയ്യുമ്പോൾ തന്നെ വ്യത്യാസം അനുഭവപ്പെടുമെന്നു വീട്ടമ്മമാർ പറയുന്നു. പതിവിലും വ്യത്യസ്തമായി മീൻ വീർക്കുന്ന അവസ്ഥയുണ്ട്. വേവാതെ കിടക്കുന്നതും പതിവാണ്. ഈ മീൻ പൂച്ച പോലും മണത്തു നോക്കാറില്ലത്രെ.
കേരളത്തിലെ വിവിധ ഹാർബറുകളിൽ നിന്ന് എത്തിയതെന്ന വ്യാജേന തിരുത, പ്രായൽ, കേര, അയല, പിലോപ്പയ, ചൂര, അറക്ക എന്നീ മത്സ്യമാണ് മംഗലാപുരം ഉൾപ്പടെ വിവിധ കേന്ദ്രങ്ങളിൽ നിന്നു എത്തിക്കുന്നത്. മത്സ്യത്തിന്റെ ചെകിളയിലും മുറിച്ച ഭാഗത്തും ചുവന്ന ചായം തേച്ചാണ് കേര പോലുള്ള മത്സ്യം വിൽക്കുന്നത്.പുലർച്ചെ 1 നും 4 നും ഇടയിൽ പതിവായി അഴീക്കോട് ജെട്ടിയിൽ മത്സ്യം എത്തിക്കാറുണ്ട്. റെയ്ഡ് സജീവമായപ്പോൾ സംഘം ഇവിടെ നിന്നു മാറി കൊടുങ്ങല്ലൂരിൽ ബൈപാസിൽ വിവിധ കേന്ദ്രങ്ങളിലായി. ചില പ്രാദേശിക ഏജന്റുമാരുടെ പിന്തുണയും ഇവർക്കുണ്ട്.