ഭവനവായ്പാ തിരിച്ചടവ് മുടങ്ങി; ജപ്തി വീടെടുക്കും മുൻപേ ജീവനൊടുക്കി യുവാവ്
Mail This Article
കാഞ്ഞാണി (തൃശൂർ) ∙ അച്ഛൻ എടുത്ത ഭവനവായ്പയുടെ തിരിച്ചടവു മുടങ്ങി വീട് ജപ്തിനടപടികളിലേക്കു നീങ്ങവേ യുവാവ് വീട്ടിൽ ജീവനൊടുക്കി. ട്രസ് വർക്ക്, വെൽഡിങ് തൊഴിലാളിയായ ഈന്തക്കുന്ന് റോഡ് ചെമ്പൻ വീട്ടിൽ വിഷ്ണുവാണ് (26) നാടിനു നൊമ്പരമായത്. ബാർബർ ഷോപ്പ് നടത്തുന്ന പിതാവ് വിനയൻ സ്വകാര്യമേഖലാ ബാങ്കിൽനിന്നെടുത്ത വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് ബാങ്ക് നടപടികൾ തുടങ്ങിയിരുന്നു. തിരിച്ചടവു നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് വിഷ്ണുവിനോടൊപ്പം കലക്ടർക്കു നിവേദനം നൽകാൻ പോയെങ്കിലും അദ്ദേഹത്തെ കാണാനായില്ലെന്നു വിനയൻ പറഞ്ഞു.
വീട്ടുസാമഗ്രികളെല്ലാം കെട്ടിപ്പെറുക്കി അന്തിക്കാട് കനാൽ പാലത്തിനടുത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് ഇന്നലെ പോകാനിരിക്കുകയായിരുന്നു. ഇതിനിടയിലാണ് രാവിലെ കിടപ്പുമുറിയിൽ വിഷ്ണു (26) ജീവനൊടുക്കിയത്.പോസ്റ്റ്മോർട്ടത്തിനു ശേഷം പഞ്ചായത്ത് പൊതുശ്മശാനത്തിൽ സംസ്കാരം നടത്തി. അമ്മ: ഓമന. സഹോദരൻ വിനിൽ.മുരളി പെരുനെല്ലി എംഎൽഎ, ജില്ലാ പഞ്ചായത്തംഗം വി.എൻ.സുർജിത്ത്, ഡിസിസി സെക്രട്ടറി കെ.ബി.ജയറാം, സിപിഎം ഏരിയാ സെക്രട്ടറി സി.കെ. വിജയൻ എന്നിവർ വസതിയിലെത്തി ആദരാഞ്ജലിയർപ്പിച്ചു.